ദില്ലി: വിവാദ ഇസ്ലാമിക് മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്‍റെ കൈയ്യില്‍ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ 50 ലക്ഷം രൂപ സംഭാവന വാങ്ങിയെന്ന ആരോപപണവുമായി ബിജെപി. ബിജെപിയുടെ ആരോപണം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. ബിജെപി വക്താവ് സാംബിത് പത്രയാണ് ആരോപണവുമായി രംഗത്തെത്തിയത്.    

2011 ജൂലൈ എട്ടിനാണ്  സാക്കിര്‍ നായിക്കിന്‍റെ  ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ 50 ലക്ഷം രൂപ രാജീവ് ഗാന്ധി  ഫൗണ്ടേഷന് നൽകിയത്. ഒരു ഡിസിബി ബാങ്ക് അക്കൗണ്ടിൽ നിന്നാണ് സംഭാവന നൽകിയതെന്ന് സാംബിത് പത്ര  ആരോപിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ഉൾപ്പെട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയും രാജീവ് ഗാന്ധി ഫൗണ്ടേഷന് സംഭാവന നൽകിയിട്ടുണ്ടെന്ന് പത്ര ആരോപിച്ചു.

നേരത്തെ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് 2005 ലും 2006 ലും ചൈനയിൽ നിന്ന് ഫണ്ട് ലഭിച്ചതായി ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ആരോപിച്ചിരുന്നു. പുതിയ ആരോപണങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയാകുകയാണ്.