ജമ്മുകശ്മീര്‍: അമര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം നടത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ജമ്മുകശ്മീരിലും ലഡാക്കിലുമായി നടത്തിയ ദ്വിദിന സന്ദര്‍ശനത്തിന്‍റെ ഭാഗമായിരുന്നു സന്ദര്‍ശനം. സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ദേശീയ പാത 44 ആക്രമിക്കാന്‍ ഭീകരവാദികള്‍ ലക്ഷ്യമിടുന്നതായി കരസേന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് സന്ദര്‍ശനം.

അമര്‍നാഥ് സന്ദര്‍ശിച്ച് അനുഗ്രഹീതനായിയെന്നാണ് സന്ദര്‍ശനത്തേക്കുറിച്ച് രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തത്. അമര്‍നാഥ് യാത്രികരെ ഭീകരവാദികള്‍ ലക്ഷ്യമിടുന്നതായും ദേശീയ പാത 44 ലൂടെ യാത്ര സെന്‍സിറ്റീവാണെന്നും കരസേന നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അമര്‍നാഥ് യാത്ര സമാധാനപരമായി നടത്താന്‍ സേന സജ്ജമാണെന്നും ബ്രിഗേഡിയര്‍ വി എസ് താക്കൂര്‍ വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ചയാണ് രാജ്നാഥ് സിംഗ് ലേയിലെത്തിയത്. ഫീല്‍ഡ് കമാന്‍ഡറുമാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാജ്നാഥ് സിംഗ് അമര്‍നാഥിലെത്തിയത്. കരസേനാ മേധാവി എംഎം നരവനേ, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് തുടങ്ങിയവരും രാജ്നാഥ് സിംഗിനെ അനുഗമിച്ചിരുന്നു.