Asianet News MalayalamAsianet News Malayalam

നാവികസേനയ്ക്ക് കരുത്തായി ഒരു അന്തർവാഹിനി കൂടി; ഐഎൻഎസ് ഖണ്ഡേരി കമ്മിഷൻ ചെയ്തു

വെള്ളത്തിനടിയിൽ വച്ചും ജലോപരിതലത്തിൽ വച്ചും ആക്രമണം നടത്താനുള്ള ശേഷി ഐഎൻഎസ് ഖണ്ഡേരിക്കുണ്ട്. ശത്രുവിന്റെ അന്തര്‍ വാഹിനികളെ തകര്‍ക്കല്‍, രഹസ്യ വിവരങ്ങള്‍ ശേഖരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഖണ്ഡേരി കരുത്ത് പകരും. 

Rajnath Singh commissioned INS Khanderi
Author
Delhi, First Published Sep 28, 2019, 9:23 AM IST

ദില്ലി: ഇന്ത്യൻ നാവിക സേനയ്ക്കായി പണികഴിപ്പിച്ച അന്തർവാഹിനി ഐഎൻഎസ് ഖണ്ഡേരി കമ്മിഷൻ ചെയ്തു. മുബൈ പശ്ചിമ നാവിക സേന ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് കൽവരി ക്ലാസിൽ രണ്ടാമത്തേതായ അന്തര്‍വാഹിനി ഐഎന്‍എസ് ഖണ്ഡേരി കമ്മിഷൻ ചെയ്യുന്നത്. നാവിക സേന മേധാവി അഡ്മിറൽ കരംബീർ സിംഗ് ചടങ്ങില്‍ സാന്നിഹിതനായി. പ്രതിരോധ സേനകളുടെ ആധുനികവൽക്കാരണത്തിന് മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാജ് നാഥ് സിംഗ് പറഞ്ഞു.

2017 ആഗസ്റ്റിലാണ് ഐഎൻഎസ് ഖണ്ഡേരി ലോഞ്ച് ചെയ്തത്. വെള്ളത്തിനടിയിൽ വച്ചും ജലോപരിതലത്തിൽ വച്ചും ആക്രമണം നടത്താനുള്ള ശേഷി ഇതിനുണ്ട്. ശത്രുവിന്റെ അന്തര്‍ വാഹിനികളെ തകര്‍ക്കല്‍, രഹസ്യ വിവരങ്ങള്‍ ശേഖരിക്കൽ, മൈനുകള്‍ നിക്ഷേപിക്കല്‍, നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഖണ്ഡേരി കരുത്ത് പകരും.  ഛത്രപതി ശിവാജിയുടെ മറാത്താ സാമ്രാജ്യത്തിന്‍റെ ശക്തമായ ദ്വീപ് കോട്ടകളിലൊന്നായിരുന്ന ഖണ്ഡേരിയുടെ പേരാണ് മുങ്ങിക്കപ്പലിന് നൽകിയിരിക്കുന്നത്. 

സ്കോർപീൻ ക്ലാസ് അന്തർവാഹിനിയായ ഐഎൻഎസ് ഖണ്ഡേരിക്ക് കടലിലെ ഏത് സാഹചര്യത്തിലും ദൗത്യ നിർവ്വഹണത്തിനുള്ള കാര്യശേഷി ഉണ്ടെന്നും നാവിക സേന അറിയിച്ചു. കടലിനടിയില്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകാതെ ശക്തമായ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് കല്‍വരി ക്ലാസിലുള്ള മുങ്ങിക്കപ്പലുകൾ. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് നാവികസേനയ്ക്കായി അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്. ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് കമ്പനിയുമായുള്ള കരാര്‍.  2005 ലാണ് പ്രൊജക്‌ട് 75 എന്ന പേരിൽ ഇതുസംബന്ധിച്ച കരാര്‍ യാഥാര്‍ത്ഥ്യമായത്. ഇവയിൽ ആദ്യത്തെ അന്തർവാഹിനിയായിരുന്നു ഐഎൻഎസ് കൽവരി. 2017 ഡിസംബർ 14 നാണ് കൽവരി കമ്മിഷൻ ചെയ്തത്.

Follow Us:
Download App:
  • android
  • ios