ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി 24 കാരറ്റ് സ്വർണമാണെന്നും അദ്ദേഹത്തിന്റെ ഉദ്ദേശ്യത്തെ സംശയിക്കരുതെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. പൗരത്വ നിയമ ഭേദ​ഗിയെ കുറിച്ച് മുസ്ലീങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചുവെന്നാരോപിച്ച് പ്രതിപക്ഷത്തിനെതിരെയും രാജ്‌നാഥ് സിംഗ് വിമർശനമുന്നയിച്ചു.

മുസ്ലീം സഹോദരന് നേരെ വിരൽ ചൂണ്ടാൻ ആർക്കും കഴിയില്ലെന്നും വോട്ട് നേടുന്നതിന് മുസ്ലീങ്ങൾക്കിടയിൽ പ്രതിപക്ഷം ഭയം വളർത്തുകയാണെന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. ദില്ലിയിലെ മെഹ്‌റൗളിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

"നമ്മുടെ പ്രധാനമന്ത്രി 24 കാരറ്റ് ആണ്. അദ്ദേഹത്തിന്റെ ഉദ്ദേശ്യത്തെ സംശയിക്കാനാവില്ല. തന്റെ സർക്കാർ 'സബ്ക സാത്ത്, സബ്ക വികാസ്, സബ്ക വിശ്വാസ്'-എന്നിവയിൽ വിശ്വസിക്കുന്നു"- രാജ്‌നാഥ് സിംഗ് പറഞ്ഞു

കേന്ദ്രവുമായി നല്ല ബന്ധം പുലർത്തുന്നതിന് പകരം, പലപ്പോഴും പോരാട്ടത്തിൽ ഏർപ്പെടുകയും അഞ്ച് വർഷം നശിപ്പിക്കുകയും ചെയ്തുവെന്ന് അരവിന്ദ് കെജ്രിവാളിനെ ലക്ഷ്യം വച്ചുകൊണ്ട് സിംഗ് പറഞ്ഞു. കെജ്രിവാളിന്റെ വാക്കുകൾ, പ്രവൃത്തികൾ എന്നിവയിൽ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതാക്കൾ വാഗ്ദാനങ്ങൾ നൽകരുതെന്ന് കരുതുന്നു. അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ, അത് നിറവേറ്റുന്നതിന് വേണ്ടി പ്രയത്നിക്കേണ്ടതുണ്ടെന്നും സിംഗ് പറഞ്ഞു.