ദില്ലി: ആദ്യ റഫാൽ യുദ്ധവിമാനം ഫ്രാൻസ് ഇന്ന് ഇന്ത്യയ്ക്ക് കൈമാറും. റഫാൽ വിമാനം ഏറ്റുവാങ്ങാനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഫ്രാൻസിലെത്തി. സൈനികരുടെ പരിശീലനത്തിന് ശേഷം മെയിലാകും റഫാൽ ഇന്ത്യയിലെത്തിക്കുക.

ഏറെ നാളത്തെ വിവാദങ്ങൾക്ക് ശേഷമാണ് റഫാൽ വിമാനം ഇന്ത്യയ്ക്ക് കൈമാറുന്നത്. റഫാൽ വിമാനം സ്വീകരിക്കാനായി ഫ്രാൻസിലെത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഫ്ര‍ഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തും. റഫാൽ കൈമാറ്റ ചടങ്ങിൽ രാജ്നാഥ് സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ളോറൻസ് പാർലിയും പങ്കെടുക്കും. റഫാൽ വിമാനത്തിൽ പറക്കുന്ന രാജ്നാഥ് സിംഗ് ഫ്രാൻസിൽ ആയുധപൂജയിലും പങ്കുചേരും. 

കൈമാറ്റം ഇന്ന് നടക്കുമെങ്കിലും വിമാനം ഇന്ത്യയിലെത്താൻ മെയ് വരെ കാത്തിരിക്കണം. സൈനികരുടെ പരിശീലനം അടുത്ത ആറുമാസം ഫ്രാൻസിൽ നടക്കും. ഇതിനുശേഷം നാല് റഫാൽ വിമാനങ്ങൾ മെയിൽ ഇന്ത്യയിലെത്തിക്കും. 58,000 കോടിയുടെ ഇടപാടിലൂടെ ആകെ 36 റഫാൽ വിമാനങ്ങളാണ് ഫ്രാൻസിലെ ഡാസോ ഏവിയേഷനിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്.

അനിൽ അമ്പാനിയുടെ കമ്പനിക്കെതിരെ ഉയർന്ന അഴിമതി ആരോപണം ആദ്യ നരേന്ദ്രമോദി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്‍റെ പ്രധാന ആയുധമായിരുന്നു. തെരഞ്ഞെടുപ്പിലെ വൻ വിജയത്തിലൂടെയാണ് ബിജെപി ആരോപണം മറികടന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടെ റഫാൽ ഇന്ത്യ സ്വീകരിക്കുമ്പോൾ രാഷ്ട്രീയ നേട്ടമായി ഇത് ഉയർത്തിക്കാട്ടാനാണ് ബിജെപി നീക്കം.

റഫാലും വിവാദങ്ങളും

ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ആദ്യ റഫാൽ വിമാനം ഇന്ത്യ സ്വീകരിക്കാനൊരുങ്ങുന്നത്. 58,000 കോടിയുടെ ഇടപാടിൽ ഉയർന്ന അഴിമതി ആരോപണമാണ് ആദ്യ നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. റഫാല്‍ ഇടപാട് ജെപിസി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് 526 കോടി രൂപയായിരുന്നു റഫാലിന്റെ വില. എന്നാൽ വിമാനങ്ങളുടെ എണ്ണം കുറഞ്ഞിട്ടും വിലയില്‍ മൂന്നുമടങ്ങിന്റെ വര്‍ധനയുണ്ടെന്നാണ് കോൺ​ഗ്രസിന്റെ പ്രധാന ആരോപണം. കരാര്‍ ഒപ്പിട്ട് 10 ദിവസത്തിനുശേഷം എച്ച്എഎല്ലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡുമായി ദസോള്‍ട്ട് കരാറിലേര്‍പ്പെട്ടതും വൻ വിവാദമായിരുന്നു.

അതേസമയം. റിലയന്‍സിനെ പങ്കാളിയാക്കിയത് ഇന്ത്യയുടെ താത്പര്യപ്രകാരമാണെന്ന് ഫ്രാന്‍സ്വാ ഒളോന്ദിന്റെ വെളിപ്പെടുത്തല്‍. പിന്നീട് നിലപാട് മയപ്പെടുത്തിയ ഫ്രാന്‍സ്വാ ഇക്കാര്യത്തില്‍ ദസോള്‍ട്ടാണ് മറുപടി പറയേണ്ടതെന്ന് അറിയിച്ചു. എന്നാല്‍, തങ്ങളാണ് റിലയന്‍സിനെ പങ്കാളിയാക്കാന്‍ തീരുമാനിച്ചതെന്ന് ഒളോന്ദിന് മറുപടിയുമായി ദസോള്‍ട്ട് തന്നെ രംഗത്തെത്തിയിരുന്നു.

ഇന്ത്യ വാങ്ങിക്കുന്ന റഫാൽ വിമാനങ്ങൾ

15.27 മീറ്ററാണ് റഫാൽ വിമാനത്തിന്റെ നീളം. റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. മിക്ക ആധുനിക ആയുധങ്ങളും റഫാലിൽ ഘടിപ്പിക്കാനാകും. അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രയേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേൽ പുറത്തിറങ്ങുക. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചത് റഫാലായിരുന്നു.