ദില്ലി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ചുകയറിയെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് ലോക്സഭയില്‍ പറഞ്ഞു. ദോക്ലാമിൽ ഇരു സേനകളും സംയമനം പാലിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ലഡാക്കില്‍ ആറ് കിലോമീറ്റോളം  അതിക്രമിച്ചുകയറിയെന്നും അവരുടെ പതാക സ്ഥാപിച്ചെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇന്ത്യ-ഭൂട്ടാന്‍-തിബറ്റ് അതിര്‍ത്തി പ്രദേശമായ ദോക്ലാമിനെച്ചൊല്ലി രണ്ടുവര്‍ഷം മുമ്പ് ഉണ്ടായതുപോലെയുള്ള തര്‍ക്കം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വീണ്ടും രൂപപ്പെടുകയാണെന്ന അഭ്യൂഹങ്ങളും പരന്നു. ഇതിനെ പൂര്‍ണമായും നിഷേധിച്ചുകൊണ്ടാണ് കേന്ദ്രപ്രതിരോധമന്ത്രി ഇന്ന് ലോക്സഭയില്‍ സംസാരിച്ചത്. 

അതിര്‍ത്തിയില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്താനായുള്ള കരാറുകളെ ഇരുരാജ്യങ്ങളും ബഹുമാനിക്കുന്നുണ്ടെന്ന് രാജ്‍നാഥ് സിംഗ് പറഞ്ഞു. അതിര്‍ത്തിസുരക്ഷ ഉറപ്പുവരുത്താന്‍ റോഡുകള്‍, തുരങ്കങ്ങള്‍, റെയില്‍വേപാളങ്ങള്‍ തുടങ്ങിയവയിലെല്ലാം വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.