മദ്യശാലയുടെ പരിസരത്തുള്ള താമസക്കാരില്‍ 50 ശതമാനം പേര്‍ എതിര്‍ത്താല്‍ മദ്യ ശാല അടയ്ക്കാന്‍ പഞ്ചായത്തിനുള്ള അധികാരം അനുസരിച്ചായിരുന്നു വോട്ടെടുപ്പ് നടന്നത്. 

ജയ്പൂര്‍: വോട്ട് ചെയ്ത മദ്യശാല അടപ്പിച്ച് ഒരു ഗ്രാം. രാജസ്ഥാനിലെ രാജ്സാമാന്‍ഡ് ജില്ലയിലാണ് സംഭവം. തനേറ്റ ഗ്രാമത്തിലാണ് മദ്യശാല വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ വോട്ടെടുപ്പ് നടന്നത്. 3245 പേരാണ് ഗ്രാമത്തില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹരായിരുന്നത്. ഇതില്‍ 2206 പേരും മദ്യ ശാല വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. 40 വോട്ടുകള്‍ അസാധുവായപ്പോള്‍ 61 വോട്ടുകളാണ് മദ്യശാല വേണമെന്ന നിലയില്‍ വന്നത്.

മദ്യ ഉപയോഗത്തിനെതിരായി ഗ്രാമത്തിലെ സ്ത്രീകള്‍ നടത്തിയ പ്രചാരണത്തിന് പിന്നാലെയായിരുന്നു വോട്ടെടുപ്പ് നടന്നത്. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിന്‍റെ ഭാഗമാകാന്‍ ഏറെ താല്‍പര്യത്തോടെയാണ് ഗ്രാമത്തിലെ ആളുകള്‍ എത്തിയത്. രാജ്സാമാന്‍ഡ് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു വോട്ടെടുപ്പ്. മദ്യശാലയുടെ പരിസരത്തുള്ള താമസക്കാരില്‍ 50 ശതമാനം പേര്‍ എതിര്‍ത്താല്‍ മദ്യ ശാല അടയ്ക്കാന്‍ പഞ്ചായത്തിനുള്ള അധികാരം ഉപയോഗിക്കാനുള്ള രാജസ്ഥാന്‍ എക്സൈസ് നിയമം അനുസരിച്ചായിരുന്നു വോട്ടെടുപ്പ്.

ഏറെ ആഹ്ളാദത്തോടെയാണ് ഗ്രാമീണര്‍ വോട്ടെടുപ്പ് ഫലപ്രഖ്യാപനത്തെ സ്വീകരിച്ചത്. ഏറെക്കാലമായുള്ള ജനങ്ങളുടെ കാത്തിരിപ്പ് പൂര്‍ത്തിയായെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ദീക്ഷ ചൗഹാന്‍ പ്രതികരിക്കുന്നു. മാസങ്ങള്‍ നീണ്ട ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പിന്നാലെയാണ് വോട്ടെടുപ്പ് നടന്നതെന്നും അവര്‍ വ്യക്തമാക്കി. വീടുകളിലെ പുരുഷന്മാരുടെ മദ്യപാനം മൂലം ഏറെ പാടുപെട്ടിരുന്ന സ്ത്രീകള്‍ ഒന്നിച്ച് നിന്നാണ് തീരുമാനം നടപ്പിലാക്കിയത്.

മദ്യപിച്ച് വന്ന് വീടുകളിലെ സ്ത്രീകളെ ഉപദ്രവിക്കുന്നതും പണം ധൂര്‍ത്തടിക്കുന്നതും സംബന്ധിച്ച് നിരവധിപ്പേര്‍ പരാതിപ്പെട്ടതോടെയാണ് ദീക്ഷ ചൗഹാന്‍ ഇത്തരമൊരു മദ്യവിരുദ്ധ നിലപാട് സ്വീകരിച്ചത്. തീരുമാനം മൂലം ഗ്രാമത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്നാണ് ദീക്ഷ ചൗഹാന്‍ നിരീക്ഷിക്കുന്നത്. മദ്യത്തിന്‍റെ ഉപയോഗം മൂലം തകര്‍ന്ന നിരവധി വീടുകളാണ് ഗ്രാമത്തിലുള്ളതെന്നും ദീക്ഷ ദേശീയ മാധ്യമങ്ങളോട് പറയുന്നു.