അഹമ്മദ് പട്ടേലിന്‍റെയും, ബിജെപി അംഗത്തിന്‍റെയും മരണത്തോടെയാണ് രണ്ട് രാജ്യസഭ സീറ്റ് ഗുജറാത്തില്‍ നിന്നും ഒഴിവ് വന്നത്. ഇതില്‍ അഹമ്മദ് പട്ടേല്‍ 1993 മുതല്‍ മരണം വരെ രാജ്യസഭയില്‍ എത്തിക്കൊണ്ടിരുന്ന സീറ്റാണ് എതിരാളികളില്ലാതെ ബിജെപി ജയിച്ചത്.

അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്നും ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റിലും എതിരില്ലാതെ വിജയിച്ച് ബിജെപി. ഇതിലൊരു സീറ്റ് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്‍റെതായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥികളായ ദിനേഷ്ചന്ത് അനാവാദിയ, റാംഭായി മൊക്കാറിയ എന്നിവരാണ് എതിരില്ലാതെ വിജയിച്ചത്. നേരത്തെ തന്നെ ഗുജറാത്ത് കോണ്‍ഗ്രസ് നേത‍ൃത്വം ഒഴിവുവന്ന സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.

അഹമ്മദ് പട്ടേലിന്‍റെയും, ബിജെപി അംഗത്തിന്‍റെയും മരണത്തോടെയാണ് രണ്ട് രാജ്യസഭ സീറ്റ് ഗുജറാത്തില്‍ നിന്നും ഒഴിവ് വന്നത്. ഇതില്‍ അഹമ്മദ് പട്ടേല്‍ 1993 മുതല്‍ മരണം വരെ രാജ്യസഭയില്‍ എത്തിക്കൊണ്ടിരുന്ന സീറ്റാണ് എതിരാളികളില്ലാതെ ബിജെപി ജയിച്ചത്. കഴിഞ്ഞ നവംബര്‍ 25നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടത്.

ബിജെപി നേതാവ് അഭയ് ഭരത്ദ്വാജ് മരിച്ച ഒഴിവിലാണ് രണ്ടാമത്തെ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനാണ് മരണപ്പെട്ടത്. ഇദ്ദേഹവും കൊവിഡ് ബാധിതനായിരുന്നു. ഇദ്ദേഹം 2019ലാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. റിട്ടേണിംഗ് ഓഫീസര്‍ സിബി പാണ്ഡ്യയാണ് രണ്ട് ബിജെപി നേതാക്കളുടെ വിജയം വൈകീട്ടോടെ പ്രഖ്യാപിച്ചത്. 

ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസിന് 65 എംഎല്‍എമാരാണ് ഇപ്പോള്‍ ഉള്ളത്. ഇത് വച്ച് 182 അംഗ സഭയില്‍ 111 അംഗങ്ങള്‍ ഉള്ള ബിജെപിയില്‍ നിന്നും ഒരു സീറ്റ് നേടാന്‍ സാധ്യമല്ല എന്ന ബോധ്യത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത്.