ബിജെപിയുടെ രാജ്യസഭ പട്ടികയിൽ ഇതുവരെ ഇടം കണ്ടെത്താൻ ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വിക്കായിട്ടില്ല. ഝാർഖണ്ഡിൽ നിന്നുള്ള എംപിയാണ് ഇപ്പോൾ നഖ്വി. ഝാർഖണ്ഡിൽ ആദിത്യ സിൻഹയാണ്...
ദില്ലി: രാജ്യസഭ സീറ്റു നിർണ്ണയത്തിൽ ബിജെപിയിലും അതൃപ്തി. ആർസിപി സിംഗിനും മുക്താർ അബ്ബാസ് നഖ്വിക്കും എൻഡിഎ സീറ്റു നല്കിയില്ലെങ്കിൽ മന്ത്രിസഭ പുനഃസംഘടനയ്ക്കും വഴിയൊരുങ്ങും. അൽഫോൺസ് കണ്ണന്താനത്തെയും ഒഴിവാക്കിയതോടെ രാജ്യസഭയിൽ കേരളത്തിൽ നിന്നുള്ള ബിജെപി സാന്നിധ്യം വി മുരളീധരൻ മാത്രമായി ചുരുങ്ങുകയാണ്.
ബിജെപിയുടെ രാജ്യസഭ പട്ടികയിൽ ഇതുവരെ ഇടം കണ്ടെത്താൻ ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വിക്കായിട്ടില്ല. ഝാർഖണ്ഡിൽ നിന്നുള്ള എംപിയാണ് ഇപ്പോൾ നഖ്വി. ഝാർഖണ്ഡിൽ ആദിത്യ സിൻഹയാണ് പാർട്ടി സ്ഥാനാർത്ഥി. യുപിയിലെ രണ്ടു സീറ്റുകൾ കൂടി ബിജെപി ഇനി പ്രഖ്യാപിക്കാനുണ്ട്.
മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെയും ഒഴിവാക്കി. എം ജെ അക്ബർ, സുരേഷ് പ്രഭു, വിനയ് സഹസ്രബുദ്ധെ, സയദ് സഫർ ഇസ്ലാം എന്നിവരാണ് ഇതുവരെ പട്ടികയിൽ ഇടം കണ്ടെത്താത്ത മറ്റു നേതാക്കൾ. രാജസ്ഥാനിൽ നിന്ന് ഗൻഷ്യാം തിവാരിയെ സ്ഥാനാർത്ഥിയാക്കിയതിൽ വസുന്ധര രാജെ ക്യാംപിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. വസുന്ധര രാജെയോട് തെറ്റി ഒരിക്കൽ പാർട്ടി വിട്ട നേതാവാണ് തിവാരി.
കേന്ദ്ര സ്റ്റീൽ മന്ത്രി ആർസിപി സിംഗിന് ഇന്നലെ നിതീഷ് കുമാർ സീറ്റു നല്കിയിരുന്നില്ല. നഖ്വിയും ആർസിപി സിംഗും രാജ്യസഭയിൽ എത്തിയില്ലെങ്കിൽ മന്ത്രിസഭ പുനസംഘടനയ്ക്കും വഴിയൊരുങ്ങും.
അൽഫോൺസ് കണ്ണന്താനവും സുരേഷ് ഗോപിയും ഒഴിവാകുന്നതോടെ രാജ്യസഭയിൽ കേരളത്തിൽ നിന്നുള്ള ഏക ബിജെപി നേതാവ് വി മുരളീധരൻ മാത്രമായി. രാജസ്ഥാനിൽ ഒരു സീറ്റിലേ വിജയിക്കാനാകൂ എന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണന്താനത്തെ ഒഴിവാക്കിയത്. കെ സുരേന്ദ്രനെ മാറ്റിയാൽ സുരേഷ് ഗോപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് അഭ്യൂഹം. രണ്ടായിരത്തി ഇരുപത്തി നാല് വരെ കേന്ദ്രമന്ത്രിസഭയിലേക്ക് കൂടുതൽ മലയാളികൾ എത്താനുള്ള സാധ്യതയും ഇതോടെ കുറയുകയാണ്.