ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയുടെ ചിത്രവും പോസ്റ്ററിലുണ്ട്
ചെന്നൈ: അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ രാമന്‍റെ ചിത്രവുമായി ചെന്നൈയില്‍ ബിജെപി പോസ്റ്ററുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയും രാമന്‍റെ ഇരു വശങ്ങളിൽ നിൽക്കുന്നതായാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയുടെ ചിത്രവും പോസ്റ്ററിലുണ്ട്.
ബിജെപിയുടെ സംസ്ഥാന കലാ സാംസ്കാരിക വിഭാഗത്തിന്‍റെ പേരിലാണ് പോസ്റ്ററുകൾ തയ്യാറാക്കിയത്. അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയ പരിപാടിയാക്കി മാറ്റുന്നുവെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സന്ദര്‍ശനത്തിനു ശേഷം വെള്ളിയാഴ്ച തമിഴ്നാട്ടിലെത്തും. ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ തിരുച്ചിറപ്പള്ളി ശ്രീരംഗം ക്ഷേത്രം സന്ദർശിക്കും. രാമനാഥപുരം രാമേശ്വരം ക്ഷേത്രത്തിലും ദർശനം നടത്തും. നേരത്തെ പരമ്പരാഗത വസ്ത്രം ധരിച്ച് പ്രധാനമന്ത്രി പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. കേന്ദ്ര സഹമന്ത്രി എല്‍ മുരുഗന്‍റെ ദില്ലിയിലെ വസതിയിലായിരുന്നു ആഘോഷം. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന വികാരത്തെ പ്രതിഫലിപ്പിക്കുന്ന ആഘോഷമാണ് പൊങ്കലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൃദ്ധിയുടെ ഉത്സവമായ പൊങ്കലിന് അദ്ദേഹം ആശംസകള്‍ നേരുകയും ചെയ്തു.
ജനുവരി 22ന് ഉച്ചയ്ക്ക് 12.20നാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ ആരംഭിച്ചു. 120 മുതൽ 200 കിലോ വരെയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ശ്രീരാമ വിഗ്രഹത്തിന്‍റെ തൂക്കമെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാഗമാകും. വാരാണസിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ചടങ്ങുകൾക്ക് നേതൃത്വം നൽകും.

