Asianet News MalayalamAsianet News Malayalam

കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ അന്തരിച്ചു

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

Ram vilas paswan passed away
Author
Delhi, First Published Oct 8, 2020, 9:00 PM IST

ദില്ലി:  കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ദളിത് രാഷ്ട്രീയത്തിന്‍റെ മുഖമായിരുന്ന പസ്വാന്‍ ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നിരുന്ന ആളാണ് രാം വിലാസ് പസ്വാന്‍.

അച്ഛന്‍ ഇനി ഒപ്പമില്ലെന്ന ട്വിറ്റര്‍ കുറിപ്പിലൂടെയാണ് രാംവിലാസ് പസ്വാന്‍റെ മരണ വിവരം മകന്‍ ചിരാഗ് പസ്വാന്‍ അറിയിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ അഞ്ചിന് പസ്വാന്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. വിശ്രമത്തില്‍ കഴിയുമ്പോഴാണ് മരണം. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ പസ്വാന്‍ 1969 ല്‍ ബീഹാര്‍ നിയമസഭാംഗമായി. 74 ല്‍ ലോക്ദളിലേക്ക് ചുവട് മാറ്റം. പിന്നീട് ജനതാപാര്‍ട്ടിയില്‍. 80 മുതല്‍ പാര്‍ലമെന്‍റില്‍ രാംവിലാസ് പസ്വാന്‍റെ ശബ്ദമുയര്‍ന്നു. ഭാഗ്യ മണ്ഡലമെന്ന് പസ്വാന്‍ വിളിച്ചിരുന്ന ഹാജിപൂര്‍ എട്ട് തവണ അദ്ദേഹത്തെ ലോക്സഭയിലേക്ക് അയച്ചു. രണ്ടായിരത്തില്‍ ലോക് ജനശക്തിപാര്‍ട്ടിയെന്ന സ്വന്തം പാര്‍ട്ടിയുണ്ടാക്കി ദളിത് രാഷ്ട്രീയത്തില്‍ കൂടുതല്‍ വേരോടിച്ചു. വിപി സിംഗ്,ദേവഗൗഡ വാജ്പേയ്, മന്‍മോഹന്‍ സിംഗ് മന്ത്രിസഭകളില്‍ അംഗമായി.  

അധികാര രാഷ്ട്രീയത്തോട് എന്നും ചേര്‍ന്ന് നിന്ന പസ്വാന്‍ മാറുന്ന രാഷ്ട്രീയ കാറ്റ് മുന്‍കൂട്ടി മനസിലാക്കാനുള്ള അസാധാരണ വൈഭവം പ്രകടിപ്പിച്ചിരുന്നു. യുപിഎയില്‍ നിന്ന് എന്‍ഡിഎയിലെത്തിയ അദ്ദേഹം നരേന്ദ്രമോദി മന്ത്രിസഭയില്‍ ആറ് വര്‍ഷം ഭക്ഷ്യമന്ത്രിയായി. ഒരു കാലത്ത് നിതീഷ് കുമാറിനും, ലാലുപ്രസാദിനുമൊക്കെയൊപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ മുഖമായി മാറിയ പാസ്വാന്‍ വെറും ആറ് ശതമാനം വോട്ടര്‍മാര്‍ക്കിടയിലെ സ്വാധീനം കൊണ്ട് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്ഥാനങ്ങള്‍ അലങ്കരിച്ചാണ് വിടവാങ്ങുന്നത്. 

Follow Us:
Download App:
  • android
  • ios