കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് ആദ്യം ഗുഹക്കെതിരെ രംഗത്തെത്തിയത്. 'കേര്‍ഫഫ്‍ള്‍'(kerfuffle-ആശയ സംഘര്‍ഷം കാരണം പുലമ്പുന്നയാള്‍) എന്നാണ് തരൂര്‍ ഗുഹയുടെ പരാമര്‍ശത്തെ വിശേഷിപ്പിച്ചത്.
ദില്ലി: രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചത് കേരളീയര്‍ക്ക് പറ്റിയ തെറ്റാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ചരിത്രകാരന്‍ രാമചന്ദ്രഗുഹ. കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ബിജെപിക്ക് സഹായകരമായി എന്ന പരാമര്‍ശത്തിലും ഗുഹ വിശദീകരണം നല്‍കി. തുടര്‍ച്ചയായ എട്ട് ട്വീറ്റുകളിലാണ് ഗുഹ തന്‍റെ നിലപാട് വ്യക്തമാക്കിയത്. കുടുംബാധിപത്യത്തിന്‍റെ പേരിലാണ് രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തിലെത്തിയതെന്നും അതേസമയം, മോദി കഠിനാധ്വാനിയാണെന്നും സ്വയം പ്രയത്നിച്ചാണ് രാഷ്ട്രീയത്തിലെത്തിയതെന്നുമുള്ള ഗുഹയുടെ പരാമര്‍ശം വിവാദമായിരുന്നു. ഗുഹയുടെ നിലപാട് വലതുപക്ഷത്തിന് ഊര്‍ജം പകരുന്നതാണെന്ന് ഒരുവിഭാഗം വിലയിരുത്തി.
താന്‍ എക്കാലത്തും ഹിന്ദുത്വ രാഷ്ട്രീയത്തെ വിമര്‍ശിച്ചയാളാണെന്നും ഇനിയും തുടരുമെന്നും ഗുഹ വ്യക്തമാക്കി. തന്‍റെ പുസ്തകങ്ങളിലൂടെയും കോളങ്ങളിലൂടെയും മോദിയെയും അദ്ദേഹത്തിന്‍റെ നയങ്ങളെയും വിമര്‍ശിച്ചിട്ടുണ്ട്. വിശാലമായ അര്‍ത്ഥത്തിലാണ് രാഹുലിനെ വിമര്‍ശിച്ചത്. പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള തെരഞ്ഞെടുപ്പാണെങ്കില്‍ രാഹുല്‍ ഗാന്ധിയെക്കാള്‍ പിന്തുണ മോദിക്കായിരുന്നുവെന്നാണ് ഉദ്ദേശിച്ചത്. കാരണം ഭരണകാര്യങ്ങളില്‍ മോദിക്കാണ് പരിചയം. പുറമെ അദ്ദേഹം സ്വയം ഉയര്‍ന്നുവന്ന രാഷ്ട്രീയക്കാരനാണെന്നും ഗുഹ വ്യക്തമാക്കി.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിലാണ് രാമചന്ദ്രഗുഹ വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് ആദ്യം ഗുഹക്കെതിരെ രംഗത്തെത്തിയത്. 'കേര്‍ഫഫ്‍ള്‍'(kerfuffle-ആശയ സംഘര്‍ഷം കാരണം പുലമ്പുന്നയാള്‍) എന്നാണ് തരൂര്‍ ഗുഹയുടെ പരാമര്‍ശത്തെ വിശേഷിപ്പിച്ചത്. തുടര്‍ന്നാണ് ഗുഹ വിശദീകരണവുമായി എത്തിയത്. പരാമര്‍ശത്തില്‍ വിശദീകരണം നല്‍കിയ ഗുഹയുടെ നടപടിയെ തരൂര്‍ അഭിനന്ദിച്ചു.
