തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർ ബിജെപി സംസ്ഥാന പ്രസിഡന്‍റിനെ പോലെ പെരുമാറുന്നെന്നായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. സുപ്രീം കോടതി പൗരത്വ നിയമ ഭേദഗതിയെ ചവറ്റുകൊട്ടയിൽ തള്ളുമെന്നും ചെന്നിത്തല പറഞ്ഞു. കൂടാതെ ഭരണ പ്രതിപക്ഷങ്ങള്‍ ഒന്നിച്ച സംയുക്ത സമരത്തിന്‍റെ കടയ്ക്കൽ കത്തിവച്ചത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

തന്നോട് ആലോചിക്കാതെ പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയതില്‍ കടുത്ത അമര്‍ഷമാണ് ഗവര്‍ണര്‍ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയും താനുമടക്കം ആരും ഭരണഘടനയ്ക്ക് മുകളിലല്ല.തന്നോട് ആലോചിക്കാതെ കേന്ദ്രനിയമത്തിനെിതരെ സുപ്രീം കോടതിയില്‍ പോയത് ശരിയായില്ല,മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടതെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ഗവര്‍ണര്‍ക്കെതിരെ മൗനം പാലിച്ചിരുന്ന മുഖ്യമന്ത്രിയെ നേരിട്ട് പോരിന് ക്ഷണിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. 

സീതാറാം യെച്ചൂരിയടക്കം സിപിഎം നേതാക്കള്‍ ഗവര്‍ണറെ ചോദ്യം ചെയ്ത് കഴിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനെ പോലെ അദ്ദേഹം സംസാരിക്കുന്നുവെന്നാണ് പൊതുപരാതി. പക്ഷേ മുഖ്യമന്ത്രിയോ മന്ത്രിമാരോ കടുത്ത ഭാഷയില്‍ ഇതുവരെ ഗവര്‍ണറെ വിമര്‍ശിച്ചിട്ടില്ല പൗരത്വ വിഷയത്തില്‍ എതിര്‍പ്പുള്ളവരുടെ പിന്തുണ സര്‍ക്കാരിനും എല്‍ഡിഎഫിനും ഇതിനകം കിട്ടുന്നുണ്ട്.

Read More: 'പൗരത്വ നിയമം വിവേചനപരം, ഭരണഘടനാവിരുദ്ധം'; ഹർജിയുമായി കേരളം സുപ്രീംകോടതിയിൽ...