Asianet News MalayalamAsianet News Malayalam

അയോധ്യയിലെ ക്ഷേത്രത്തിൻ്റെ ചിത്രങ്ങൾ പുറത്തു വിട്ട് രാമജന്മഭൂമി ട്രസ്റ്റ്

32 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള മുഹൂര്‍ത്തത്തില്‍ നാളെ പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും. ക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ഇതിനോടകം പൂർത്തിയായി. 

ramjanma bhoomi trust released the model pictures of ram temple in ayodhya
Author
Ayodhya, First Published Aug 4, 2020, 4:06 PM IST

അയോധ്യ: തറക്കല്ലിടൽ ചടങ്ങിന് മണിക്കൂറുകൾ ബാക്കി നിൽക്കെ അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ ചിത്രങ്ങൾ പുറത്തുവിട്ടു. രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് ചിത്രങ്ങൾ പുറത്ത് വിട്ടത്. 32 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള മുഹൂര്‍ത്തത്തില്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാമക്ഷേത്രത്തിന് തറക്കല്ലിടുന്നത്. ക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ഇന്നലെ നടന്നു. 

നാളെ പതിനൊന്നരയോടെ തുടങ്ങുന്ന ഭൂമി പൂജ 12.44 പിന്നിടുമ്പോള്‍ ആവും പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടുക. 175 പേര്‍
ചടങ്ങില്‍ പങ്കെടുക്കും. കൊവിഡ് വ്യാപനം മൂലം ചടങ്ങില്‍ പങ്കെടുക്കാവാനാവില്ലെന്നറിയിച്ചതിനെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കളായ
എൽ.കെ.അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരെ ക്ഷണപട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.

2024-ലെ ലോക്സഭ തെര‍ഞ്ഞെടുപ്പ്, 2022-ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്, മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ എന്നിവയില്‍ രാമക്ഷേത്രം ബിജെപി പ്രധാന തുറപ്പ് ചീട്ടാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.. അയോധ്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായിട്ടും ഭൂമി പൂജ ബിജെപി മാറ്റി വയ്ക്കാത്തതും ഈ പശ്ചാത്തലത്തിലാണ്. രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമാവുന്നതോടെ ഹിന്ദുവോട്ടുകള്‍ ചോര്‍‍ന്നേക്കുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.

അയോധ്യയിൽ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാടെന്താകുമെന്ന ചോദ്യങ്ങള്‍ക്കിടെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍‍റെ ചുമതലയുള്ള
പ്രിയങ്കഗാന്ധി ഭൂമിപൂജയ്ക്ക് ആശംസയുമായെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ച ആരംഭിച്ചിട്ടുണ്ട്. ശ്രീരാമന്‍ എല്ലാവരുടേതുമാണെന്നും ത്യാഗം,ധൈര്യം, തുടങ്ങിയ ഗുണങ്ങള്‍ രാമന്‍റെ പ്രതീകങ്ങളാണെന്നും ട്വിറ്ററിൽ പ്രിയങ്ക കുറിച്ചു. ദേശീയ ഐക്യവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നതാവട്ടെ ചടങ്ങെന്നും പ്രിയങ്ക ഗാന്ധി ആശംസിച്ചു. 

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ്, മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരി എന്നിവരും രാമക്ഷേത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന എന്ന  വിമര്‍ശനങ്ങള്‍ക്കിടെയാണ് പ്രിയങ്കയും നിലപാട് വ്യക്തമാക്കുന്നത്. 


 

Follow Us:
Download App:
  • android
  • ios