തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പ്രസ്താവന നടത്തിയാല്‍ ഐക്യരാഷ്ട്രസഭയുടെ അന്തസ്സിന് കളങ്കമേല്‍ക്കുമെന്നും ഇന്ത്യ മറുപടി നല്‍കി.
ദില്ലി: മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് (Rana Ayyub) വിഷയത്തില്‍ ഐക്യരാഷ്ട്ര സഭക്ക് (United nations) മറുപടിയുമായി ഇന്ത്യ (India). നേരത്തെ റാണ അയ്യൂബിനെതിരായ ജുഡീഷ്യല്‍ പീഡനമാണ് നടക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയില്‍ ആരും നിയമത്തിന് അതീതരല്ലെന്ന് ഐക്യരാഷ്ട്രസഭക്ക് ഇന്ത്യ മറുപടി നല്‍കി. തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പ്രസ്താവന നടത്തിയാല്‍ ഐക്യരാഷ്ട്രസഭയുടെ അന്തസ്സിന് കളങ്കമേല്‍ക്കുമെന്നും ഇന്ത്യ മറുപടി നല്‍കി. 'ജുഡീഷ്യല്‍ പീഡനം എന്ന ആരോപണം അടിസ്ഥാനരഹിതവും അനാവശ്യവുമാണ്. ഇന്ത്യ നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിക്കുന്നു, ആരും നിയമത്തിന് അതീതരല്ല-ജനീവയിലെ ഇന്ത്യന്‍ മിഷന്‍ ട്വീറ്റ് ചെയ്തു.
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് റാണ അയ്യൂബിനായി ഐക്യരാഷ്ട്ര സംഭ മനുഷ്യാവകാശ കൗണ്‍സില്‍ രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ വര്‍ഷങ്ങളായി റാണ അയ്യൂബ് നിയമപരമായ ഉപദ്രവം നേരിടുകയാണെന്നായിരുന്നു ഐക്യരാഷ്ട്ര സഭയുടെ അഭിപ്രായം. റാണ അയ്യൂബിനെതിരെ സ്ത്രീവിരുദ്ധമായ രീതിയില്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്നും യുഎന്‍ അഭിപ്രായപ്പെട്ടു.
നേരത്തെ കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റാണ അയ്യൂബിനെതിരെ ഇഡി കേസെടുത്തിരുന്നു. മുംബൈ ആസ്ഥാനമായുള്ള മാധ്യമപ്രവര്‍ത്തകന്‍ സമാഹരിച്ച ഫണ്ട് അവര്‍ ഉദ്ദേശിച്ച ആവശ്യത്തിനായി പൂര്‍ണമായും വിനിയോഗിച്ചില്ലെന്ന് ഇഡി ആരോപിച്ചിരുന്നു. പിന്നീട് റാണ അയ്യൂബിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. റാണ അയ്യൂബിനെ അനുകൂലിച്ച ഐക്യരാഷ്ട്ര സഭക്കെതിരെ ട്വിറ്ററില്‍ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. റാണ അയ്യൂബിന്റെ കള്ളപ്പണക്കേസിന് ഐക്യരാഷ്ട്ര സഭ കൂട്ടുനില്‍ക്കുകയാണെന്നും അഭിപ്രായമുയര്‍ന്നു.
