ദില്ലി: മോദി സർക്കാരിന്റെ കാലത്ത് ഇന്ത്യയുടെ പൊതുകടം 57% ശതമാനമായി വർദ്ധിച്ചെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല. ധനകാര്യ മന്ത്രാലയത്തിന്റെ രേഖകൾ പുറത്തുവിട്ടു കൊണ്ടാണ് കോൺഗ്രസിന്റെ ആരോപണം.

2014 മാർച്ച് മുതൽ 2018 ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ, ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ തെറ്റായി കൈകാര്യം ചെയ്ത് കൊണ്ട് രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെ മോദി സർക്കാർ അടച്ചു പൂട്ടലിന്റെ വക്കിലെത്തിച്ചു എന്ന് രൺദീപ് സിങ് സുർജേവാല ആരോപിക്കുന്നു.  കണക്കുകൾ മറച്ചുവയ്ക്കുന്നത് മോദി സർക്കാരിന്റെ സ്ഥിരം പരിപാടിയായിരുന്നുവെന്നും രൺദീപ് സിങ് വിമര്‍ശിച്ചു.

നാല് വർഷക്കാലയളവിനിടയിൽ 30 ലക്ഷം കോടിയിലധികം തുക അധിക വായ്പയായി കടമെടുത്തു. മോദി സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ മൂലം ഓരോ ഇന്ത്യക്കാരനും 23,300 രൂപയുടെ കടബാധ്യതയുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം മോദി സർക്കാർ ഏഴ് ലക്ഷം കോടിയിലധികം തുക വായ്പയെടുത്തുവെന്നും ഇതും കൂടി ചേർത്താൽ നിലവിൽ രാജ്യത്തിന്റെ പൊതുകടം 90 ലക്ഷം കോടിയിലധികമായെന്നും കോൺഗ്രസ് ആരോപിക്കുന്നു.

തോൽവി ഉറപ്പായപ്പോൾ മോദി സർക്കാർ കോണ്‍ഗ്രസിനെതിരെ പുതിയ ആരോപണങ്ങളുമായി വരികയാണെന്നും രൺദീപ് സിങ് സുർജേവാല കൂട്ടിച്ചേര്‍ത്തു. രാഹുൽ ഗാന്ധി ഇന്ത്യൻ പൗരൻ തന്നെയാണ്. 2015ൽ രാഹുലിന്റെ പൗരത്വം ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതാണ് എന്നും രൺദീപ് സിങ് സുർജേവാല പറഞ്ഞു.