എൻ രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി അഞ്ചാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എൻ ആർ കോൺഗ്രസ് - ബി ജെ പി സഖ്യമാണ് ഇത്തവണ ഭരണം നടത്തുന്നത്, ബിജെപിയിൽ നിന്ന് എ നമശിവായവും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 30 അംഗ നിയമസഭയിൽ 18 എംഎൽഎമാരുടെ പിന്തുണയോടെയാണ് പുതിയ സർക്കാർ അധികാരമേറ്റത്

പുതുച്ചേരി മുഖ്യമന്ത്രിയായി എൻ രംഗസ്വാമി വീണ്ടും സത്യപ്രതിജ്ഞ‌ ചെയ്ത് അധികാരമേറ്റു. ലഫ്റ്റനന്റ് ഗവർണർ കൈലാഷ് നാഥനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അഞ്ചാം തവണയാണ് രംഗസ്വാമി പുതുച്ചേരിയുടെ അമരക്കാരനാകുന്നത്. മുഖ്യമന്ത്രിക്ക് പുറമെ രണ്ട് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എൻ ആർ കോൺഗ്രസ് - ബി ജെ പി സഖ്യമാണ് പുതുച്ചേരിയിൽ ഭരണം നടത്തുന്നത്. ബി ജെ പിയിൽ നിന്ന് എ നമശിവായവും ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ബി ജെ പിക്ക് ഇത് വലിയ നേട്ടമാണ്. മുഖ്യമന്ത്രി രംഗസ്വാമിക്കൊപ്പം എൻ ആർ കോൺഗ്രസിൽ നിന്നുള്ള ഒരു മന്ത്രി കൂടി ഇന്ന് അധികാരമേറ്റു. 30 അംഗങ്ങളുള്ള പുതുച്ചേരി നിയമസഭയിൽ 18 എം എൽ എമാരുടെ പിന്തുണയാണ് എൻ ആർ കോൺഗ്രസ് - ബി ജെ പി സഖ്യത്തിനുള്ളത്. എൻ ആർ കോൺഗ്രസ് 12 സീറ്റും ബി ജെ പി നാല് സീറ്റുമാണ്‌ വിജയിച്ചത്‌. എ ഐ എ ഡി എം കെ, എൽ ജെ കെ എന്നിവർ ഓരോ സീറ്റ് വീതവും നേടി. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ചതോടെയാണ് സഖ്യം സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്. ഭരണപരമായ തീരുമാനങ്ങൾ വേഗത്തിലാക്കാനും പുതുച്ചേരിയുടെ വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാനും പുതിയ സർക്കാരിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

Add Asianetnews as a Preferred SourcegooglePreferred

രംഗസ്വാമിക്ക് അഞ്ചാമൂഴം

കോൺഗ്രസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച രംഗസ്വാമി, പി ഷൺമുഖം രാജിവെച്ചതിനെത്തുടർന്ന് 2001 ഒക്ടോബറിലാണ് ആദ്യമായി മുഖ്യമന്ത്രിയായത്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കുകയും വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാൽ പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളെത്തുടർന്ന് 2008 ൽ രാജി വെക്കേണ്ടി വന്നു. കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് ഓൾ ഇന്ത്യ എൻ ആർ കോൺഗ്രസ് എന്ന സ്വന്തം പാർട്ടി രൂപീകരിക്കുകയും പുതുച്ചേരി രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയായി മാറുകയും ചെയ്തു. കോൺഗ്രസ് വിട്ട ശേഷം നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി അദ്ദേഹം മൂന്നാം തവണയും മുഖ്യമന്ത്രി പദത്തിലെത്തി. 2021 ൽ ബി ജെ പിയുമായി സഖ്യം ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട അദ്ദേഹം എൻ ഡി എ മുന്നണിയെ അധികാരത്തിലെത്തിക്കുകയും ചെയ്തു. കാർഷിക മേഖലയ്ക്കും വിദ്യാഭ്യാസത്തിനും വലിയ മുൻഗണന നൽകുന്ന അദ്ദേഹം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ മുഖ്യമന്ത്രി പദത്തിൽ ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തികളിൽ ഒരാളാണ്.