അത്യാധുനിക സൗകര്യങ്ങളോടെയാണ് റെയില്‍വേ സ്‌റ്റേഷന്‍ നവീകരിച്ചത്. പിപിപി മോഡലില്‍ 450 കോടി രൂപയാണ് നവീകരണ ചെലവ്. വിമാനത്താവളങ്ങളില്‍ ലഭ്യമാകുന്ന സൗകര്യങ്ങളാണ് ഇപ്പോള്‍ ഭോപ്പാല്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. 

ഭോപ്പാല്‍: രാജ്യത്തെ അത്യാധുനിക റെയില്‍വേ സ്റ്റേഷനായ ഭോപ്പാല്‍(Bhopal) റാണി കമലാപതി(Rani Kamalapati railway station) റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ഉദ്ഘാടനം ചെയ്തു. നേരത്തെ ഹബിബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷന്‍ എന്നായിരുന്നു ഭോപ്പാല്‍ റെയില്‍വേ സ്‌റ്റേഷന്റെ പേര്. നവീകരണത്തിന് ശേഷം റാണി കമലാപതി എന്ന് പേരുമാറ്റുകയായിരുന്നു. ഗവര്‍ണര്‍ മംഗുഭായി പട്ടേല്‍, റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. റാണി കമലാപതി എന്ന് പേരുമാറ്റിയതിന് ശേഷം ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷന്റെ പ്രാധാന്യം വര്‍ധിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ചരിത്രപ്രസിദ്ധമായ ഈ റെയില്‍വേ സ്റ്റേഷന്‍ നവീകരിച്ചെന്ന് മാത്രമല്ല, ഗിന്നോര്‍ഗഡിലെ റാണി കമലാപതിയുടെ പേര് ഈ സ്റ്റേഷനുമായി ബന്ധിപ്പിച്ചതോടെ അതിന്റെ പ്രാധാന്യവും വര്‍ധിച്ചു. റെയില്‍വേയുടെ അഭിമാനം ഇപ്പോള്‍ ഗോണ്ട്വാനയുടെ അഭിമാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയില്‍ റെയില്‍വേയുടെ ആധുനികവത്കരണത്തിന്റെ ഉദാഹരണമാണ് ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനെന്നും അദ്ദേഹം വ്യക്തമാക്കി. ഗോണ്ട് ഭരണാധികാരിയായിരുന്ന നിസാം ഷായുടെ വിധവയായ കമലാപതിയെ ആദരിക്കുന്നതിനായി റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. ഭോപ്പാലില്‍ ആദിവാസി കണ്‍വെന്‍ഷനായ ജനതീയ ഗൗരവ് ദിവസില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് റെയില്‍വേ സ്‌റ്റേഷനും ഉദ്ഘാടനം ചെയ്തത്. സ്വാതന്ത്ര്യസമര പോരാളി ബിര്‍സ മുണ്ടയുടെ സ്മരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. 

അത്യാധുനിക സൗകര്യങ്ങളോടെയാണ് റെയില്‍വേ സ്‌റ്റേഷന്‍ നവീകരിച്ചത്. പിപിപി മോഡലില്‍ 450 കോടി രൂപയാണ് നവീകരണ ചെലവ്. വിമാനത്താവളങ്ങളില്‍ ലഭ്യമാകുന്ന സൗകര്യങ്ങളാണ് ഇപ്പോള്‍ ഭോപ്പാല്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്.