Asianet News MalayalamAsianet News Malayalam

ബലാത്സംഗ പരാതി; ബിജെപി നേതാവ് ചിന്മയാനന്ദ് ജുഡീഷ്യൽ കസ്റ്റഡിയിൽ

ഷാജഹാൻപൂരിലെ നിയമ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് യുപി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്.

rape case swami chinmayananda arrested from shahjahanpur
Author
Delhi, First Published Sep 20, 2019, 10:06 AM IST

ലഖ്നൗ: ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെ 14 ദിവസത്തേക്ക് ജ്യുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. ഷാജഹാൻപൂരിലെ നിയമ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് യുപി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദിനെ ഷാജഹാൻപൂർ ജയിലേക്ക് മാറ്റി. എന്നാൽ ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ലെന്നാണ് സൂചന. പകരം, ലൈംഗിക അതിക്രമത്തിനാണ് ചിന്മയാനന്ദിനെതിരെ കേസെടുത്തിരിക്കുന്നത്. 

കഴിഞ്ഞ മാസമാണ് ഷാജഹാൻപൂരിലെ നിയമ വിദ്യാ‍ർത്ഥിനിയായ പെൺകുട്ടി സ്വാമി ചിന്മായനന്ദിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ചത്. തുടർന്ന് കാണാതായ പെൺകുട്ടിയെ രാജസ്ഥാനിൽ നിന്ന് കണ്ടെത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തോട് ചിന്മായനന്ദ് ഒരു വ‍ർഷത്തോളം തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. 

സംസ്ഥാനത്തെ കരുത്തരായ നേതാക്കളിൽ ഒരാളായ ചിന്മയാനന്ദിനെ യുപി പൊലീസ് തൊടുന്നില്ലെന്ന ആരോപണങ്ങൾ വ്യാപകമായിരുന്നു. ബലാത്സംഗപരാതി നൽകിയ പെൺകുട്ടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത അന്വേഷണ സംഘം, പരാതി കിട്ടി രണ്ടാഴ്ചയോളം ചിന്മയാനന്ദിനെ ഒന്ന് വിളിച്ച് വരുത്തുക പോലും ചെയ്തില്ല.

73 വയസ്സുള്ള ചിന്മയാനന്ദിന് ഉത്തർപ്രദേശിലെമ്പാടും ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അടൽ ബിഹാരി വാജ്‍പേയി സർക്കാരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിന്മയാനന്ദ്. ഈ മാസം 13-ന് ചിന്മയാനന്ദിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ രാത്രി ഒരു മണി വരെ നീണ്ടു.

ചിന്മയാനന്ദ് നടത്തുന്ന നിയമവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നും ഒരു വർഷത്തോളം പീഡനം തുടർന്നെന്നുമാണ് കേസ്. ലോ കോളേജിൽ അഡ്മിഷൻ തന്നതിന് പ്രത്യുപകാരം വേണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടിയെ ചിന്മയാനന്ദ് ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടിയുടെ പരാതിയിലുണ്ട്.

ഹോസ്റ്റലിൽ പെൺകുട്ടി കുളിക്കുന്നതിന്‍റെ വീഡിയോ എടുപ്പിച്ച ചിന്മയാനന്ദ് അതുപറഞ്ഞാണ് ഭീഷണി തുടങ്ങിയത്. ചിന്മയാനന്ദിന്‍റെ അനുയായികൾ തോക്കുമായി വന്ന് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോകുമായിരുന്നു. തന്നെ ചിന്മയാനന്ദ് ഉപദ്രവിക്കുന്നതിന്‍റെ തെളിവുകളുണ്ടെന്നും പെൺകുട്ടി പറഞ്ഞിരുന്നു. കണ്ണടയിൽ ചെറിയ സ്പൈ ക്യാമറ ഘടിപ്പിച്ച് റെക്കോഡ് ചെയ്ത ദൃശ്യങ്ങളും പെൺകുട്ടി പൊലീസിന് നൽകിയിട്ടുണ്ട്. അന്വേഷണവുമായി പൂർണമായി ചിന്മയാനന്ദ് സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അറിയിച്ചിരുന്നു.

ഈ സംഭവം ആദ്യം പൊതുശ്രദ്ധയിൽ വരുന്നത് ഇത്തരത്തിലൊരു ആരോപണം ഫേസ്ബുക്കിൽ പെൺകുട്ടി കുറിച്ചപ്പോഴാണ്. പോസ്റ്റിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പെൺകുട്ടി ടാഗ് ചെയ്തിരുന്നു. എന്നാൽ ചിന്മയാനന്ദിന്‍റെ പേര് പോസ്റ്റിൽ പറഞ്ഞിരുന്നില്ല. പിന്നീട് പെൺകുട്ടിയെ ആഗസ്റ്റ് 24-ന് കാണാതായി. പിന്നീട് പെൺകുട്ടിയുടെ അച്ഛനാണ് അവരെ ഉപദ്രവിച്ചത് ചിന്മയാനന്ദാണെന്ന് വെളിപ്പെടുത്തിയത്.

പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം പൊലീസ് രാജസ്ഥാനിൽ വച്ച് പെൺകുട്ടിയെ കണ്ടെത്തി. കേസ് സുപ്രീംകോടതിയിൽ പരാമർശിക്കപ്പെട്ടപ്പോൾ, പെൺകുട്ടിയെ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. രാജസ്ഥാനിൽ നിന്ന് ദില്ലിയിലെത്തിച്ച പെൺകുട്ടിയോട് നേരിട്ട് സുപ്രീംകോടതി സംസാരിച്ചു. അതിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

പ്രത്യേക അന്വേഷണസംഘമാകട്ടെ പെൺകുട്ടിയെ തുടർച്ചയായി 15 മണിക്കൂർ ചോദ്യം ചെയ്തെങ്കിലും ചിന്മയാനന്ദിനെ വിളിച്ചുവരുത്തിയില്ല. ഇത് വലിയ വിവാദങ്ങളുയർത്തിയ സാഹചര്യത്തിലാണ് ഒടുവിൽ ചിന്മയാനന്ദിനെ ചോദ്യം ചെയ്യുന്നതും പിന്നീട് അറസ്റ്റ് ചെയ്യുന്നതും. 

Follow Us:
Download App:
  • android
  • ios