വെല്ലൂർ കോടതിയിലെ അതിവേഗനടപടികൾ ദുരൂഹമാണെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. വെറും നാല് ദിവസം കൊണ്ട് രേഖകൾ എല്ലാം പഠിച്ച് 226 പേജ് ഉള്ള ഉത്തരവാണ് ഇറക്കിയത്.
ചെന്നൈ: : തമിഴ്നാട് മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവിൽ റിവിഷൻ നടപടിയിൽ ഗുരുതര വീഴ്ചകൾ വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്‍റെ ഉത്തരവിന്‍റെ പകർപ്പ് പുറത്ത് വന്നിട്ടുണ്ട്. പൗലോ കൊയ്‌ലോയുടെ ‘ആൽക്കെമിസ്റ് ’ഉദ്ധരിച്ച് കോടതി കടുത്ത പരിഹാസമാണ് ചൊരിഞ്ഞിട്ടുള്ളത്. മന്ത്രി ആഗ്രഹിച്ചത് നേടിയെടുക്കാൻ പ്രപഞ്ചം സഹായിച്ചെന്ന് ഹൈക്കോടതി പരിഹസിച്ചു.
കേസ് വിഴുപ്പുറം കോടതിയിൽ നിന്ന് വെല്ലൂരിലേക്ക് മാറ്റിയതിൽ നിയമലംഘനമുണ്ടായി. നാല് അവധി ദിവസങ്ങളിൽ കേസ് കേൾക്കാൻ വിഴുപ്പുറം കോടതി അനുമതി തേടി. എന്നാല്‍, കോടതി മാറ്റുകയാണ് ഹൈക്കോടതി പകരം ചെയ്തത്. രണ്ട് ജഡ്ജിമാരുടെ ചട്ടവിരുദ്ധ നടപടി അംഗീകരിച്ച ചീഫ് ജസ്റ്റിസിനും പിഴച്ചു. വെല്ലൂർ കോടതിയിലെ അതിവേഗനടപടികൾ ദുരൂഹമാണെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. വെറും നാല് ദിവസം കൊണ്ട് രേഖകൾ എല്ലാം പഠിച്ച് 226 പേജ് ഉള്ള ഉത്തരവാണ് ഇറക്കിയത്.
ഭരണഘടനാ കോടതികളിലെ ജഡ്ജിമാർക്ക് പോലും ഇതു കഴിയില്ല. വിരമിക്കുന്നതിന് രണ്ട് ദിവസം മുമ്പുള്ള അതിവേഗനടപടികൾ സമാനതകൾ ഇല്ലാത്തതാണെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. തമിഴ്നാട് മന്ത്രിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവിൽ സ്വമേധയാ റിവിഷൻ നടപടി സ്വീകരിച്ച് കൊണ്ട് അസാധാരണ നീക്കമാണ് മദ്രാസ് ഹൈക്കോടതി കേസില്‍ നടത്തിയത്. കീഴ് കോടതി ഉത്തരവുകളിൽ പിഴവുണ്ടോയെന്ന് സ്വമേധയാ പരിശോധിക്കുന്നതിനായി ഹൈക്കോടതികൾക്ക് സിആർപിസി 397ആം വകുപ്പ് നൽകുന്ന അധികാരത്തിലൂടെയാണ് മന്ത്രി കെ പൊന്മുടിക്കെതിരായ കേസ് രേഖകൾ ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേശ് വിളിച്ചുവരുത്തിയത്.
താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഗുരുതരവും അഴിമതി പ്രകടവുമായ കേസുകളിലൊന്നാണിതെന്ന് ജസ്റ്റിസ് വെങ്കിടേഷ് അഭിപ്രായപ്പെട്ടു. വിജിലൻസ് അന്വേഷണം വളരെ മോശമായാണ് നടന്നതെന്നും വിമർശിച്ചു. മന്ത്രി പൊന്മുടിയും വിജിലൻസും അടുത്ത മാസം ഏഴിന് മുൻപ് വിശദീകരണം നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് രേഖകൾ ചീഫ് ജസ്റ്റിസിന് കൈമാറാനും രജിസ്ട്രിക്ക് ജസ്റ്റിസ് വെങ്കിടേഷ് നിർദേശം നൽകി.
