മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് ദേശീയതലത്തിൽ വിവാദമായി. ബംഗാൾ വിഷയത്തിലെ മുൻനിലപാട് ചൂണ്ടിക്കാട്ടി ബിജെപിയും സിപിഎമ്മും രാഹുൽ ഗാന്ധിക്കെതിരെ തിരിഞ്ഞപ്പോൾ, കെ.സി വേണുഗോപാലിന്റെ ഒഴിഞ്ഞുമാറൽ കോൺഗ്രസ് നേതൃത്വത്തിന്റെ അതൃപ്തിയായുടെ സൂചനയെന്നാണ് വിലയിരുത്തലുകൾ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്‍റെ സെക്രട്ടറിയാക്കിയത് ദേശീയതലത്തിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ ആയുധമാക്കി ബി ജെ പി. ബംഗാൾ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ അധികാരത്തിലേറിയ സുവേന്ദു സർക്കാർ ചീഫ് സെക്രട്ടറിയാക്കിയപ്പോൾ, മോഷണം വലുതാണെങ്കിൽ പ്രതിഫലവും വലുതാണ് എന്ന് രാഹുൽ ഗാന്ധി വിമർശിച്ചത് വലിയ ചർച്ചയായിരുന്നു. ഖേൽക്കറെ വി ഡി സതീശൻ സെക്രട്ടറിയാക്കിയപ്പോൾ രാഹുലിനെ ചാരിയാണ് ബി ജെ പിയുടെയും സി പി എമ്മിന്‍റെയും കടന്നാക്രമണം. ഖേൽക്ക‌ർ നിയമനത്തിൽ രാഹുലിന് മിണ്ടാട്ടമില്ലെന്ന് ബി ജെ പി ദേശീയ വക്താവ് അമിത് മാളവ്യയടക്കം വിമർശിച്ചു. ബംഗാളിലെ നിയമനത്തെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് കേരളത്തിലെ നിയമനത്തിൽ മിണ്ടാട്ടമില്ലെന്നും ബിജെപി ആരോപിച്ചു. രാഹുലിന്‍റെയും കോൺഗ്രസിന്‍റെയും ഇരട്ടത്താപ്പെന്നാണ് കുറ്റപ്പെടുത്തൽ. രത്തൻ ഖേൽക്കറുടെ നിയമനം തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സഹായിച്ചതിനാണോയെന്നാണ് മുൻ കേന്ദ്രമന്ത്രിയും കഴക്കൂട്ടം എം എൽ എയുമായ വി മുരളീധരൻ ചോദിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സി പി എമ്മും വിമർശനം കടുപ്പിച്ചു

ബി ജെ പിയുമായുള്ള ഡീലിന്‍റെ ഭാഗമാണെന്ന ആക്ഷേപമുയർത്തി സി പി എമ്മും വിവാദം കടുപ്പിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി ആരോപിച്ചത് പോലെ ബംഗാൾ മോഡലാണ് കേരളത്തിലുമെന്നാണ് സി പി എം വിമർശിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്തുപോലുമില്ലാത്ത ആക്ഷേപം ഇപ്പോൾ അതിശക്തമാക്കിയിരിക്കുകയാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കമുള്ളവർ. മികച്ച ട്രാക്ക് റെക്കോർഡാണ് ഖേൽക്കറുടെ നിയമനത്തിന് കാരണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ വിശദീകരണം. മുഖ്യമന്ത്രിയുടേതായിരുന്നു ചോയ്സെന്നാണ് കോൺഗ്രസിന്‍റെ നിലപാട്. നിയമനത്തിൽ രാഷ്ട്രീയമില്ലെന്നും കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നുമാണ് മന്ത്രിയും കെ പി സി സി പ്രസിഡന്‍റുമായി സണ്ണി ജോസഫ് പ്രതികരിച്ചത്.

കെ സിയുടെ ഒഴിഞ്ഞുമാറൽ

ഭരിക്കുന്നവരുടെ തീരുമാനമെന്ന് പറഞ്ഞ് കെ സി വേണുഗോപാൽ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. സംസ്ഥാന കോൺഗ്രസ് നേതാക്കൾ കാര്യമായി പ്രതികരിക്കാതിരിക്കുമ്പോൾ കെ സിയുടെ ഒഴിഞ്ഞുമാറലിൽ ദേശീയ നേതൃത്വത്തിന്‍റെ കൂടി നീരസമാണ് പ്രകടമായതെന്ന സൂചനയാണുള്ളത്. അതേസമയം വിവാദം മുറുകുന്നതിനിടെ, അവധി ദിനമായിട്ടും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഖേൽക്കർ ഇന്ന് തന്നെ ചുമതലയേറ്റത് ശ്രദ്ധേയമായി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player