സിംഗിൾസിന് 500 രൂപ, പങ്കാളിയുള്ളവർക്ക് 800 രൂപ; ഫ്ലാറ്റിൽ റേവ് പാർട്ടി, 35 കോളജ് വിദ്യാർഥികൾക്കെതിരെ കേസ്
പാർട്ടി നടക്കുന്ന ഫ്ലാറ്റിൽ നിന്ന് ആരോ മദ്യക്കുപ്പി വലിച്ചെറിഞ്ഞതിനെത്തുടർന്ന് നോയിഡയിലെ സെക്ടർ 94 ലെ സൂപ്പർടെക് സൂപ്പർനോവ താമസക്കാര്‍ ഒത്തുകൂടുകയായിരുന്നു
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയിലെ സൂപ്പർടെക് സൂപ്പർനോവയിൽ റേവ് പാർട്ടി നടത്തിയതിന് 35 കോളേജ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. സൂപ്പർനോവയിൽ മയക്കുമരുന്ന് ഉപയോഗിച്ചുള്ള പാർട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികളെക്കുറിച്ച് സൊസൈറ്റിയിലെ താമസക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു.
പാർട്ടി നടക്കുന്ന ഫ്ലാറ്റിൽ നിന്ന് ആരോ മദ്യക്കുപ്പി വലിച്ചെറിഞ്ഞതിനെത്തുടർന്ന് നോയിഡയിലെ സെക്ടർ 94 ലെ സൂപ്പർടെക് സൂപ്പർനോവ താമസക്കാര്‍ ഒത്തുകൂടുകയായിരുന്നു. തര്‍ക്കത്തിന് ശേഷമാണ് തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചത്. അവിവാഹിതർക്ക് 500 രൂപയും പങ്കാളികളുമായി വരുന്നവര്‍ക്ക് 800 രൂപയുമായി പാർട്ടിക്ക് പ്രവേശന ഫീസ് ഈടാക്കിയതായി ഫ്ലാറ്റിലെ താമസക്കാർ പറഞ്ഞു.
വാട്സ് ആപ്പ് സന്ദേശങ്ങൾ വഴിയാണ് ക്ഷണങ്ങൾ അയച്ചത്. സംഭവസ്ഥലത്ത് എത്തിയ പൊലീസ്, പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യുകയും ഫ്ലാറ്റിൽ നിന്ന് നിരവധി മദ്യക്കുപ്പികൾ കണ്ടെടുക്കുകയും ചെയ്തു. അഞ്ച് സംഘാടകർ ഉൾപ്പെടെ 35 പേർക്കെതിരെ പൊലീസ് കേസെടുത്തു. സ്ഥലത്ത് നിന്ന് ഹുക്കകളും വിലകൂടിയ മദ്യക്കുപ്പികളും കണ്ടെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം