Asianet News MalayalamAsianet News Malayalam

രാഹുൽ ഗാന്ധി ഇന്ത്യയിലെ ജനങ്ങളോടും മാപ്പ് പറയണം; രവിശങ്കർ പ്രസാദ്

  • രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
  • സുപ്രീംകോടതിയിൽ മാത്രം രാഹുൽ മാപ്പ് പറഞ്ഞാൽ പോരാ എന്നും മന്ത്രി
ravishankar prasad says rahul gandhi should apologise to nation
Author
Delhi, First Published Nov 14, 2019, 3:25 PM IST

ദില്ലി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങൾക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനങ്ങളോട് മാപ്പ് പറയണമെന്ന് മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ്. സുപ്രീംകോടതിയിൽ മാത്രം രാഹുൽ മാപ്പ് പറഞ്ഞാൽ പോരാ എന്നും മന്ത്രി പറഞ്ഞു.

​"രാഹുൽ ​ഗാന്ധി ഇന്ന് നിങ്ങൾ മാപ്പ് പറയേണ്ടതുണ്ട്. റഫാല്‍ കേസില്‍ പുനഃപരിശോധ ഹര്‍ജി തള്ളിയിരിക്കുകയാണ്. സ്വയം രക്ഷ നേടുന്നതിന് വേണ്ടിയാണ് നിങ്ങൾ മാപ്പുപറഞ്ഞത്. എന്നാല്‍, നിങ്ങൾ ഇന്ത്യയിലെ ജനങ്ങളുടെ മുമ്പിൽ ക്ഷമ ചോദിക്കുമോ?"-രവിശങ്കർ പ്രസാദ് ചോദിച്ചു.

Read Also: റഫാൽ ഇടപാടിൽ റിവ്യു ഹര്‍ജി തള്ളി, രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ നടപടിയില്ല; പക്ഷെ വിമ‍‍ര്‍ശനം

റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ് നൽകിയത് പുനഃപരിശോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. രാഹുൽ ​ഗാന്ധിക്കെതിരെയും കോടതി വിമർശനമുന്നയിച്ചു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി  രംഗത്തെത്തിയത്. 

രാഹുലിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹം കൂടുതൽ ജാഗ്രത പാലിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്കെ കൗൾ, കെഎം ജോസഫ് എന്നിവരാണ് രാഹുൽ ഗാന്ധിക്കെതിരെ നടപടി വേണ്ടെന്ന് നിലപാടെടുത്തത്. പരാമർശത്തിൽ മാപ്പു പറഞ്ഞ് രാഹുൽ ഗാന്ധി സമ‍ര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിച്ചായിരുന്നു ഇത്.

Read More: റഫാൽ ഹര്‍ജികള്‍ തള്ളി; ഇരിക്കുന്ന സ്ഥാനം ഓര്‍ക്കണമെന്ന് രാഹുൽ ഗാന്ധിയോട് സുപ്രീം കോടതി

"കോടതിയെ രാഷ്ട്രീയ സംവാദത്തിലേക്ക് വലിച്ചിഴക്കരുത്. രാഹുൽ ഗാന്ധി നിരന്തരം തെറ്റായ പ്രസ്താവനകൾ നടത്തിയത് ദൗർഭാഗ്യകരമാണ്. ഇരിക്കുന്ന സ്ഥാനം രാഹുൽ ഓർക്കണം. ഭാവിയിൽ കൂടുതൽ ജാഗ്രത കാട്ടണം," കോടതി വിധിയിൽ വ്യക്തമാക്കി

ചൗക്കിദാർ ചോർ ഹെ എന്ന് കോടതി കണ്ടെത്തിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശമാണ് ഹർജിക്കിടയാക്കിയത്. മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ ഹർജി നല്‍കിയിരിക്കുന്നത്. കോടതി പറയാത്തതാണ് രാഹുൽ പറഞ്ഞതെന്ന് ചീഫ് ജസ്റ്റിസ് വാദം കേൾക്കുമ്പോൾ തന്നെ പറഞ്ഞിരുന്നു. ഇതേ തുട‍ര്‍ന്നാണ് രാഹുല്‍ ഗാന്ധി മാപ്പ് സത്യവാങ്മൂലമായി എഴുതി നൽകിയത്.

Follow Us:
Download App:
  • android
  • ios