Asianet News MalayalamAsianet News Malayalam

റഫാൽ ഇടപാടിൽ റിവ്യു ഹര്‍ജി തള്ളി, രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ നടപടിയില്ല; പക്ഷെ വിമ‍‍ര്‍ശനം

  • റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ് നൽകിയത് പുനപരിശോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
  • രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷി ഹ‍ര്‍ജിയിൽ കൂടുതൽ നടപടികളിലേക്ക് കടക്കുന്നില്ലെന്നും കോടതി പറഞ്ഞു
Rafale Judgment Review Petitions Dismissed
Author
Supreme Court of India, First Published Nov 14, 2019, 11:08 AM IST

ദില്ലി: റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ് നൽകിയത് പുനപരിശോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. കഴിഞ്ഞ വര്‍ഷം ഡിസംബർ 14 -ന് റഫാൽ കേസിൽ പുനരന്വേഷണം നടത്താൻ വിസമ്മതിച്ചു കൊണ്ടുവന്ന വിധിക്കെതിരെ സമർപ്പിക്കപ്പെട്ട റിവ്യൂ പെറ്റീഷനിലാണ് ഇന്ന് അന്തിമവിധി വന്നത്. രഞ്ജൻ ഗൊഗോയ്, എസ്‌ കെ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. 

രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷി ഹ‍ര്‍ജിയിൽ കൂടുതൽ നടപടികളിലേക്ക് കടക്കുന്നില്ലെന്നും കോടതി പറഞ്ഞു. അതേസമയം അദ്ദേഹം ഭാവിയിൽ കൂടുതൽ സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി. റിവ്യു ഹ‍ര്‍ജികളിൽ പുന:പരിശോധനക്ക് ആവശ്യമായ ഒന്നുമില്ലെന്നും അതിനാൽ തന്നെ ആവശ്യം തള്ളുകയാണെന്നുമാണ് റഫാൽ റിവ്യു ഹ‍ര്‍ജിയിലെ വിധിയിൽ പറയുന്നത്.

റഫാൽ ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ ഉൾപ്പടെയുള്ള ഹർജിക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സിഎജി റിപ്പോർട്ട് പാർലമെന്‍റ് ചർച്ച ചെയ്തു എന്ന വിധിയിലെ പരാമർശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരും സുപ്രീംകോടതിയിൽ എത്തിയിരുന്നു. സർക്കാർ ഇടപാടിനെക്കുറിച്ചുള്ള വസ്തുതകൾ കോടതിയിൽ നിന്ന് മറച്ചു വച്ചു എന്ന് ഹർജിക്കാർ ആരോപിച്ചു. 

ഏപ്രിൽ 10 -ന് ദി ഹിന്ദു പത്രം പുറത്ത് വിട്ട രേഖകൾ പരിശോധിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്രത്തിന്റെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. രേഖകൾ ഔദ്യോഗിക രഹസ്യചട്ടത്തെ ലംഘിച്ചുകൊണ്ട് കൈക്കലാക്കിയതാണെന്നും, അതുകൊണ്ട് സാധുവായ ഒരു തെളിവായി കണക്കാക്കിക്കൂടെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വാദിച്ചിരുന്നു. പ്രസക്തമായ തെളിവുകൾ, കൈക്കലാക്കിയ മാർഗത്തിലെ നിയമവിരുദ്ധത, അതിന്റെ ഉള്ളടക്കം പരിശോധിക്കുന്നതിന് വിഘാതമാകുന്നില്ല എന്ന ശ്രദ്ധേയമായ നിരീക്ഷണം, ഈ ഹർജി തള്ളുന്ന സമയത്ത് കോടതി നടത്തിയിരുന്നു.

 36 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങിയതിൽ അഴിമതി ചൂണ്ടിക്കാട്ടി അഭിഭാഷകരായ എംഎൽ ശർമ്മ, പ്രശാന്ത് ഭൂഷൺ, അരൂൺ ഷൂരി തുടങ്ങിയവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

വിമാനത്തിന്‍റെ വില, നടപടിക്രമങ്ങൾ എന്നിവ ചോദ്യം ചെയ്തായിരുന്നു ഹർജി. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് ഇടപെടൽ നടത്തിയെന്നും ഹർജിക്കാർ ആരോപിച്ചു. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട ബഞ്ച്, 2018 ഡിസംബറിലാണ് അന്വേഷണത്തിനുള്ള തെളിവ് ഹാജരാക്കാൻ ഹർജിക്കാർക്ക് ആയില്ലെന്ന് വിധിച്ചത്. നടപടിക്രമങ്ങളും കോടതി ശരിവച്ചു. 

എന്നാൽ,  വിധിക്കെതിരെ പുനപരിശോധന ഹർജി നല്കിയ പ്രശാന്ത് ഭൂഷൺ പ്രതിരോധമന്ത്രാലയത്തിൻറെ ചില രേഖകളും ഇതിനൊപ്പം നൽകി. മോഷ്ടിച്ച രേഖകൾ തെളിവായി അംഗീകരിക്കാൻ പാടില്ലെന്ന സർക്കാർ വാദം തള്ളിയ സുപ്രീം കോടതി പുനപരിശോധനയിൽ തുറന്ന കോടതിയിൽ വാദം കേട്ടു. സിഎജി റിപ്പോർട്ട് പാർലമെൻറ് പരിശോധിച്ചു എന്ന വിധിയിലെ പരാമർശം തിരുത്തണമെന്ന് സർക്കാരും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. 

മേയ് 10നാണ് കേസ് വിധി പറയാൻ മാറ്റിവച്ചത്.

 റഫാല്‍ കേസ് പുനപരിശോധനയ്ക്ക് തീരുമാനിച്ച ദിവസത്തെ രാഹുൽഗാന്ധിയുടെ  പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലും വിധി വരാനുണ്ട്. ചൗക്കിദാർ ചോർ ഹെ എന്ന് കോടതി കണ്ടെത്തിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശമാണ് ഹർജിക്കിടയാക്കിയത്. മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ ഹർജി നല്‍കിയിരിക്കുന്നത്. കോടതി പറയാത്തതാണ് രാഹുൽ പറഞ്ഞതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. പരാമർശത്തിൽ മാപ്പു പറഞ്ഞ് രാഹുൽ പിന്നീട് സത്യവാങ്മൂലം നല്കിയിരുന്നു.

Follow Us:
Download App:
  • android
  • ios