പശ്ചിമേഷ്യൻ സംഘർഷം നീണ്ടുപോയാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ആർബിഐ ഗവർണർ മുന്നറിയിപ്പ് നൽകി. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില വർദ്ധനവും ഹോർമുസ് ഇടുക്കിലെ തടസ്സങ്ങളും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെയും പണപ്പെരുപ്പത്തെയും കാര്യമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യൻ സംഘർഷം നീണ്ടുപോവുകയാണെങ്കിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുമെന്ന് മുന്നറിയിപ്പുമായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. ഇന്ധനവിലയിലുണ്ടാകുന്ന ഈ വർദ്ധനവ് വരും ദിവസങ്ങളിൽ ഉപഭോക്തൃ വില സൂചികയെയും (CPI) അതുവഴി രാജ്യത്തെ പണപ്പെരുപ്പത്തെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വിറ്റ്സർലൻഡിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിട്ടും ഇതുവരെ എക്സൈസ് ഡ്യൂട്ടി കുറച്ചും മറ്റ് സബ്‌സിഡികൾ നൽകിയും ഇന്ധനവില നിയന്ത്രിച്ചു നിർത്താൻ സർക്കാരിന് സാധിച്ചിരുന്നു. എന്നാൽ രണ്ട് മാസത്തിലേറെയായി പശ്ചിമേഷ്യൻ പ്രതിസന്ധി നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര വിപണിയിലെ ഈ അധിക ബാധ്യത ഇനിയും പൂർണമായി ഏറ്റെടുക്കാൻ സർക്കാരിനോ എണ്ണക്കമ്പനികൾക്കോ സാധിക്കില്ലെന്നും ഇന്ധനവില വർദ്ധനവിന്റെ ഭാരം ചെറുതാെങ്കിലും ജനങ്ങളിലേക്ക് കൈമാറേണ്ടി വരുന്നത് ഈ കാലഘട്ടമായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഹോർമുസ് ഇടുക്കിലെ (Strait of Hormuz) തടസങ്ങൾ കാരണം ആഗോള ഊർജ്ജ- വള വിതരണ ശൃംഖലയിലുണ്ടായ തകരാറുകൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെയും കയറ്റുമതിയുടെയും ആറിൽ ഒന്ന് പശ്ചിമേഷ്യൻ മേഖലയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. കൂടാതെ ഇന്ത്യക്കാവശ്യമായ 60 ശതമാനത്തോളം ഗ്യാസും 40 ശതമാനത്തോളം വളവും ഈ മേഖലയിൽ നിന്നാണ് വരുന്നത് എന്നതിനാൽ ആഗോള വിലക്കയറ്റം രാജ്യത്തിന് കടുത്ത വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ സെൻട്രൽ ബാങ്കുകൾക്ക് പ്രധാന പങ്കുണ്ടെങ്കിലും, ആഗോള തലത്തിലുണ്ടാകുന്ന ഇത്തരം വിതരണ തടസ്സങ്ങളെ (Supply shocks) പൂർണമായി പ്രതിരോധിക്കാൻ സാമ്പത്തിക നയങ്ങൾക്ക് പരിമിതികളുണ്ടെന്ന് ആർ.ബി.ഐ ഗവർണർ ഓർമ്മിപ്പിച്ചു. നിലവിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 95 രൂപയ്ക്കും താഴേക്ക് പോയത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കാനും വിദേശ നാണ്യശേഖരം സംരക്ഷിക്കാനും രാജ്യം മുൻകരുതലുകൾ എടുക്കേണ്ട സമയമാണിതെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.