ഇന്ത്യൻ വിപണിയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത തീരുമാനമെന്ന് സിഇഒ
ദില്ലി: ഇന്ത്യയിലെ മുഴുവൻ ജീവനക്കാരെയും പിരിച്ച് വിട്ട് അന്താരാഷ്ട്ര കമ്പനിയായ ഓപ്പൺ ഡോർ. ഇന്ത്യയിലെ ഓഫീസ് പൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് കൂട്ടപ്പിരിച്ചുവിടൽ. കമ്പനിയുടെ ഉപഭോക്താക്കൾ എല്ലാവരും അമേരിക്കയിലാണെന്നും അതുകൊണ്ട് ഇന്ത്യയിൽ ഒരു വർക്ക്ഫോഴ്സ് നിലനിർത്തുന്നതിൽ അർത്ഥമില്ലെന്നുമാണ് ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ട് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നൽകിയ ഔദ്യോഗിക വിശദീകരണം. 250 ഓളം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.
ഇന്ത്യൻ വിപണിയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത തീരുമാനമെന്ന് സിഇഒ വിശദമാക്കുന്നത്. കമ്പനിയുടെ പ്രധാന ബിസിനസ്സും ഉപഭോക്താക്കളും അമേരിക്ക കേന്ദ്രീകരിച്ചായതിനാൽ, തങ്ങളുടെ സേവനങ്ങളും പ്രവർത്തനങ്ങളും അമേരിക്കയിലേക്ക് തന്നെ പൂർണ്ണമായി കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ബിസിനസ്സ് തന്ത്രങ്ങളിലെ മാറ്റം കാരണമാണ് ഇത്തരമൊരു തീരുമാനമെന്ന് കമ്പനി അധികൃതർ പറയുന്നത്.
യാതൊരുവിധ മുൻകൂർ മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് വലിയൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിട്ടത് ഇന്ത്യൻ ഐടി-കോർപ്പറേറ്റ് മേഖലയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണിയും കമ്പനികളുടെ പുനസംഘടനയും കാരണം ആഗോള തലത്തിൽ വൻകിട കമ്പനികൾ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന പ്രവണത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വാർത്തയും പുറത്തുവരുന്നത്. പെട്ടെന്ന് ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് ആവശ്യമായ നഷ്ടപരിഹാര പാക്കേജുകൾ കമ്പനി നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
https://www.youtube.com/watch?v=tXRuaacO-ZU


