വാഹനം നിർത്താനായി വേഗത കുറയ്ക്കുന്ന സമയത്താണ് സൈനികൻ വെടിയുതിർത്തതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്
വെസ്റ്റ് ബാങ്ക്:വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് ഏഴു മാസം പ്രായമുള്ള പലസ്തീൻ കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തിൽ, ഇസ്രായേൽ സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മയുടെ കൈകളിലിരിക്കെയാണ് സാം അബു ഹൈക്കൽ എന്ന പിഞ്ചുകുഞ്ഞ് വെടിയേറ്റു മരിച്ചത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ വേഗത സൈനിക പോസ്റ്റിന് സമീപമെത്തിയപ്പോൾ കുറയുന്നതായും തുടർന്ന് സൈനികർ വാഹനത്തിന് നേരെ വെടിയുതിർക്കുന്നതായും വ്യക്തമാകുന്നതാണ് പുറത്ത് വന്ന വീഡിയോ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈനികർ ഈ കുടുംബത്തിന്റെ വാഹനത്തിന് നേരെ വെടിവെച്ചത്. സൈനികരുടെ നിർദ്ദേശപ്രകാരം വണ്ടി നിർത്താൻ ശ്രമിച്ചിട്ടും സൈന്യം ക്രൂരമായി വെടിയുതിർക്കുകയായിരുന്നു എന്ന് വ്യക്തമായതോടെ വലിയ ജനരോഷമാണ് പ്രദേശത്ത് ഉയർന്നത്. ഈ ആക്രമണത്തിൽ ഏഴ് മാസം പ്രായമുള്ള സാം കൊല്ലപ്പെടുകയും അവന്റെ അമ്മ ദാനിയ അബു ഹൈക്കൽ, പിതാവ് ഫഹദ് അബു ഹൈക്കൽ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒരു വാഹനം തങ്ങൾക്ക് നേരെ വേഗത്തിൽ പാഞ്ഞു വരുന്നത് കണ്ടതുകൊണ്ടാണ് സൈനികൻ അതിന് നേരെ വെടിവെച്ചതെന്നായിരുന്നു ഇസ്രായേൽ പ്രതിരോധ സേനയുടെ വാദം. എന്നാൽ ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ ബിസെലെം പുറത്തുവിട്ട ദൃശ്യങ്ങൾ ഈ വാദത്തെ പാടെ പൊളിച്ചടുക്കുന്നതാണ്. വാഹനം നിർത്താനായി വേഗത കുറയ്ക്കുന്ന സമയത്താണ് സൈനികൻ വെടിയുതിർത്തതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് ബിസെലെം പ്രസ്താവനയിലൂടെ വിശദമാക്കിയത്. വാഹനം സൈനികരിൽ നിന്ന് ഏറെ അകലെയായിരുന്നുവെന്നും അവർക്ക് യാതൊരുവിധത്തിലുള്ള ഭീഷണിയും ഉയർത്തിയിരുന്നില്ലെന്നും സംഘടന കൂട്ടിച്ചേർത്തു.സംഭവം നടന്ന ഉടൻ ചിത്രീകരിച്ച മറ്റൊരു വീഡിയോയും ബിസെലെം പുറത്തുവിട്ടിട്ടുണ്ട്. വെടിയേറ്റ തന്റെ കുഞ്ഞിനെ കൈകളിൽ താങ്ങിപ്പിടിച്ച്, അവന്റെ തലയിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോര കൈകൾ കൊണ്ട് തടഞ്ഞുനിർത്താൻ ശ്രമിക്കുന്ന പിതാവ് ഫഹദിനെ അതിൽ കാണാം. കുഞ്ഞിനെ കൈകളിൽ പിടിച്ചിരിക്കെ വെടിയേറ്റ അമ്മ ദാനിയ പരിക്കുകളോടെ കാറിനരികിൽ നിലത്തിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
തന്റെ കൈ തുളച്ചുകയറിയ വെടിയുണ്ടയാണ് പിൻസീറ്റിൽ അമ്മയുടെ മടിയിലിരുന്ന കുഞ്ഞിന്റെ തലയിൽ തറച്ചതെന്ന് ഫഹദ് പറഞ്ഞു. ദമ്പതികൾക്കും കുഞ്ഞിനും പുറമെ ഇവരുടെ പതിനൊന്ന് വയസ്സുകാരനായ മൂത്ത മകനും ഫഹദിന്റെ അമ്മയും കാറിലുണ്ടായിരുന്നു. ഹെബ്രോണിലൂടെ യാത്ര ചെയ്യുമ്പോഴാണ് സൈനികർ ഇവരെ തടഞ്ഞത്. പുറത്തുവന്ന വീഡിയോയ്ക്ക് ശബ്ദമില്ലെങ്കിലും ഫഹദ് നൽകിയ മൊഴിയെ ശരിവെക്കുന്നതാണ് ദൃശ്യങ്ങൾ. വണ്ടി നിർത്താൻ സൈനികൻ ആംഗ്യം കാണിച്ചയുടൻ താൻ വണ്ടി പൂർണ്ണമായും നിർത്തുകയും കൈകൾ സ്റ്റിയറിംഗിന് മുകളിലേക്ക് ഉയർത്തിപ്പിടിക്കുകയും ചെയ്തുവെന്നും എന്നാൽ തൊട്ടുപിന്നാലെ അവർ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ഫഹദ് ഇസ്രായേലി മാധ്യമമായ ഹാരെറ്റ്സിനോട് വ്യക്തമാക്കി. അവിടെ പ്രത്യേക ചെക്ക്‌പോസ്റ്റുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും റോഡിൽ നിന്നിരുന്ന സൈനികർ ആവശ്യപ്പെട്ടതനുസരിച്ച് വണ്ടി നിർത്തിയപ്പോഴാണ് വെടിവെപ്പുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ തികച്ചും നിശ്ചലമായി കിടന്ന വണ്ടിക്ക് നേരെയാണ് അവർ വെടിവെച്ചതെന്നും ഏഴുമാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ അവർ ക്രൂരമായി കൊലപ്പെടുത്തിയെന്നും ഫഹദ് വേദനയോടെ കൂട്ടിച്ചേർത്തു.
വെടിയേറ്റ കുഞ്ഞിനെയും മാതാപിതാക്കളെയും സഹായിക്കാൻ ഇസ്രായേൽ സൈനികർ തയ്യാറായില്ലെന്നും, അവിടെയുണ്ടായിരുന്ന സാധാരണക്കാരായ ജനങ്ങളാണ് പരിക്കേറ്റവരെ രക്ഷിക്കാൻ ഓടിയെത്തിയതെന്നും ബിസെലെം പുറത്തുവിട്ട ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.ഗാസയിൽ ഹമാസും ഇസ്രായേലും തമ്മിൽ യുദ്ധം ആരംഭിച്ചതിന് ശേഷം വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി ആയിരത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ഇരുന്നൂറ്റിനാല്പതിലധികം കുട്ടികളും ഉൾപ്പെടുന്നു. ഫലസ്തീനികളെ ഉപദ്രവിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്ന ഇസ്രായേൽ സൈനികർക്ക് ശിക്ഷ ലഭിക്കുന്നത് വളരെ അപൂർവമാണെന്ന് ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ യേഷ് ദിൻ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പലസ്തീനികൾ നൽകിയ അയ്യായിരത്തോളം പരാതികളിൽ വെറും ഒരു ശതമാനത്തിൽ താഴെ കേസുകളിൽ മാത്രമാണ് സൈനികർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി പതിനായിരക്കണക്കിന് കുട്ടികളെയാണ് ഇസ്രായേൽ കൊന്നൊടുക്കിയതെന്ന് ബിസെലെം എക്സിക്യൂട്ടീവ് ഡയറക്ടർ യുലി നൊവാക് അവകാശപ്പെടുന്നത്. അന്താരാഷ്ട്ര സമൂഹം നൽകുന്ന പൂർണ്ണമായ പിന്തുണയാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണം. ഇസ്രായേൽ ഭരണകൂടത്തിന് കീഴിൽ പലസ്തീനികളുടെ ജീവന് യാതൊരു വിലയുമില്ലെന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഒരു ഏഴുമാസം പ്രായമുള്ള കുഞ്ഞിന് പോലും ഇവിടെ സുരക്ഷിതത്വമില്ലെന്നും നൊവാക് കൂട്ടിച്ചേർത്തു.


