Asianet News MalayalamAsianet News Malayalam

ജീവന് ഭീഷണിയെന്ന് അമിത് ഷായ്ക്ക് 'ഗോ ബാക്ക്' വിളിച്ച മലയാളി പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട്

പ്രതിഷേധിച്ച അന്ന് തന്നെ നൂറ്റമ്പതോളം ആളുകൾ താമസ സ്ഥലത്തത്തെത്തി പ്രശ്നമുണ്ടാക്കിയെന്ന് സൂര്യ പരാതിപ്പെടുന്നു. രക്ഷിതാക്കളെയും സുഹൃത്തുക്കളെയും പൊലും കടന്ന് വരാൻ അനുവദിച്ചില്ലെന്നാണ് ആരോപണം.

recieving life threats says Malayali girl surya who protested against Amit Shah
Author
Delhi, First Published Jan 7, 2020, 11:38 PM IST

ദില്ലി: തൻ്റെ ജീവന് ഭീഷണിയുണ്ടന്ന് ദില്ലിയിൽ ഗൃഹസന്ദർശനത്തിനിടെ അമിത് ഷായ്ക്ക് ഗോ ബാക്ക് വിളിച്ച മലയാളി യുവതികളിൽ ഒരാളായ സൂര്യ രാജപ്പൻ. മുൻ കൂട്ടി തീരുമാനിച്ചുറപ്പിച്ച് നടത്തിയ പ്രതിഷേധമായിരുന്നില്ല തൻ്റേതെന്നും പെട്ടന്നുണ്ടായ പ്രതികരണമായിരുന്നുവെന്നും സൂര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിഷേധം അറിയിക്കാൻ ഇതിലും നല്ല അവസരം ലഭിക്കില്ലെന്ന് തോന്നിയെന്നും സൂര്യ വ്യക്തമാക്കി. ബെഡ്ഷീറ്റിൽ സ്പ്രേ പെയ്ൻ്റുകൊണ്ടാണ് പൗരത്വ ഭേദഗതിക്കെതിരായ മുദ്രാവാക്യങ്ങൾ എഴുതിയതെന്നും സൂര്യ പറയുന്നു. 

പ്രതിഷേധിച്ച അന്ന് തന്നെ നൂറ്റമ്പതോളം ആളുകൾ താമസ സ്ഥലത്തത്തെത്തി പ്രശ്നമുണ്ടാക്കിയെന്ന് സൂര്യ പരാതിപ്പെടുന്നു. രക്ഷിതാക്കളെയും സുഹൃത്തുക്കളെയും പൊലും കടന്ന് വരാൻ അനുവദിക്കാതെ പ്രശ്മുണ്ടാക്കിയെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ ലജ്പത് നഗറിൽ നിൽക്കുന്നത് സുരക്ഷിതമല്ല എന്ന് മനസിലാക്കിയാണ് സുഹൃത്തുകളുടെ അടുത്തേക്ക് പോയതെന്നും സൂര്യ വിശദീകരിച്ചു. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ ഇനിയും പങ്കെടുക്കുമെന്നും സൂര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

സൂര്യ, ഹർമിയ എന്നീ യുവതികളാണ് അമിത് ഷാക്കെതിരെ അന്ന് മുദ്രാവാക്യം വിളിച്ചത്. കൊല്ലം സ്വദേശിനിയാണ് സൂര്യ. ബിജെപിയ്ക്ക് വലിയ ശക്തിയുള്ള പ്രദേശമാണ് അമിത് ഷായ്ക്ക് എതിരെ പ്രതിഷേധം നടന്ന ദില്ലിയിലെ ലാജ്പത് നഗർ. ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയ് ഗോയൽ അടക്കമുള്ളവർ ഇടപെട്ടാണ്, പ്രതിഷേധങ്ങളൊന്നും ഉണ്ടാകാൻ ഇടയില്ലാത്ത സ്ഥലമെന്ന നിലയിൽ, ലാജ്പത് നഗർ ഭവനസന്ദർശനത്തിനായി തെരഞ്ഞെടുത്തത്. എന്നാൽ അവിടെത്തന്നെയാണ് ഇത്തരത്തിലൊരു ഗോബാക്ക് വിളിയുണ്ടായത് എന്നത് പാർട്ടിക്ക് തന്നെ വലിയ നാണക്കേടുണ്ടാക്കിയിരുന്നു.

ജനുവരി ഏഴ് ‌ഞായറാഴ്ച ഏതാണ്ട് നാലേമുക്കാലോടെയാണ് അമിത് ഷാ ലജ്പത് നഗറിലെ കോളനിയിലെത്തിയത്. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്താനെന്ന പേരിൽ ബിജെപി നടത്തിയ പരിപാടിയിൽ പങ്കെടുത്ത് കൈവീശി നടന്നുപോവുകയായിരുന്ന അമിത് ഷായ്ക്ക് നേരെയാണ് രണ്ട് യുവതികൾ ഗോ ബാക്ക് വിളിച്ചത്. 

വെള്ളത്തുണിയിൽ ചായം കൊണ്ടെഴുതിയ വലിയ ബാനറുകൾ വീടിന്‍റെ മുകളിൽ നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി. ആദ്യം കയറിയ വീട്ടിൽ ആളുകളോട് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴാണ്, യുവതികൾ വീടിന് മുകളിൽ നിന്ന് അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളിച്ചത്.  

Follow Us:
Download App:
  • android
  • ios