ദില്ലി: രാജ്യത്ത് 24 മണിക്കൂറിൽ 905 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്ക്. 51 പേരാണ് 24 മണിക്കൂറിനകം മരിച്ചത്. ഇത്രയധികം കേസുകളും, മരണങ്ങളും ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇതോടെ ആകെ മരണസംഖ്യ 324 ആയി ഉയർന്നു. ആകെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കേസുകൾ 9352 ആയി. 

നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത് 8048 പേരാണ്. ഇതുവരെ 979 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. അസുഖബാധിതനായ ഒരാളെ രാജ്യത്ത് നിന്ന് മാറ്റി. നിലവിൽ ചികിത്സയിലുള്ള വിദേശപൗരൻമാരുടെ എണ്ണം 72 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത മരണസംഖ്യയിൽ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ്. 22 പേർ മഹാരാഷ്ട്രയിൽ മരിച്ചു. ഏഴ് പേ‍ർ വീതം മധ്യപ്രദേശിലും തെലങ്കാനയിലും മരിച്ചു, അഞ്ച് പേർ ദില്ലിയിൽ മരിച്ചു. നാല് പേർ ഗുജറാത്തിഷ രണ്ട് പേ‍ർ വീതം പശ്ചിമബംഗാളിലും ഓരോരുത്തർ കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും ജാർഖണ്ഡിലും മരിച്ചതായും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. കേരളത്തിൽ പരിയാരം മെഡിക്കൽ കോളേജിൽ മരിച്ച മാഹി സ്വദേശിയുടെ മരണം കേരളത്തിലെ കണക്കിലാണ് കേന്ദ്രസർക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്. 

ആകെ മരണസംഖ്യയിൽ ഏറ്റവും മുന്നിൽ മഹാരാഷ്ട്രയാണ് - 149 മരണം. പിന്നാലെ മധ്യപ്രദേശ് - 43, ഗുജറാത്ത് - 26, ദില്ലി - 24, തെലങ്കാന - 16. പഞ്ചാബിലും തമിഴ്നാട്ടിലും 11 വീതം മരണങ്ങൾ. പശ്ചിമബംഗാളിലും ആന്ധ്രാപ്രദേശിലും ഏഴ് വീതം മരണങ്ങൾ.

കർണാടകത്തിൽ ആറ് വീതം പേർ മരിച്ചു ഉത്തർപ്രദേശിൽ അ‌ഞ്ച് മരണവും.

അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ നിന്നായി വാർത്താ ഏജൻസിയായ പിടിഐ പുറത്തുവിട്ട കണക്കനുസരിച്ച്, 9594 കേസുകളുണ്ട് രാജ്യത്ത്. ഇതുവരെ റിപ്പോർട്ട് ചെയ്തത് 335 മരണങ്ങളും.

കേന്ദ്രസർക്കാർ പുറത്തുവിടുന്ന കണക്കുകളും വിവിധ സംസ്ഥാനങ്ങളും പുറത്തുവിടുന്ന കണക്കുകളും തമ്മിൽ വലിയ അന്തരമുണ്ടെന്ന ആരോപണം വീണ്ടും ശക്തമാകുകയാണ്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് കണക്കുകൾ സ്ഥിരീകരിച്ച് എത്താനുള്ള സമയമാണ് ഇതിന് കാരണമായി മന്ത്രാലയ അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

ലോക്ക് ഡൗൺ നീട്ടി തമിഴ്നാട്

തമിഴ്നാട്ടില്‍ കൊവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ തമിഴ്നാട് ലോക്ക് ഡൗണ്‍ ഈ മാസം മുപ്പത് വരെ നീട്ടി. ചെന്നൈയില്‍ മലയാളി നഴ്സിന് ഉള്‍പ്പടെ 98 പേര്‍ക്ക് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ രോഗബാധിതര്‍ എണ്ണം 1173 ആയി ഉയർന്നു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ പിഴ ചുമത്തുമെന്ന് ചെന്നൈ കോർപ്പറേഷൻ അറിയിച്ചു.

കർണാടകത്തിലും തെലങ്കാനയിലുമായി മൂന്നു കൊവിഡ് മരണം കൂടി. കർണാടകത്തിലെ കലബുറഗിയിൽ അൻപത്തിയഞ്ചുകാരനും ബംഗളുരുവിൽ അറുപത്തിയഞ്ചുകാരനുമാണ് മരിച്ചത്. കലബുറഗി സ്വദേശിക്ക് രോഗം പകർന്നത് എവിടെ നിന്നെന്ന് വ്യക്തമല്ല. സംസ്ഥാനത്ത് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച പതിനഞ്ചിൽ പതിമൂന്ന് പേർക്കും സമ്പർക്കത്തിലൂടെയാണ് പകർന്നത്. തെലങ്കാനയിൽ മരണം പതിനേഴായി. തെലങ്കാനയിൽ ആകെ കേസുകൾ 61 ആയി. തബ്‍ലീഗ് ജമാഅത്തിന്‍റെ സംസ്ഥാന അധ്യക്ഷനും എട്ട് ഇന്തോനേഷ്യക്കാരും ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരെ പകർച്ചവ്യാധി തടയൽ നിയമം അനുസരിച്ച് തെലങ്കാന പൊലീസ് കേസെടുത്തു. ആന്ധ്രപ്രദേശിൽ പന്ത്രണ്ട് പേർക്കാണ് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്.

ഭീതിയോടെ ദില്ലി, ഒറ്റ ദിവസം - 356 പുതിയ കേസുകൾ

മഹാരാഷ്ട്രക്ക് പുറമെ ദില്ലി, തമിഴ്നാട് എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. 134 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ആഗ്രയെ ഉത്തര്‍ പ്രദേശിലെ അതിതീവ്രബാധിത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 1154 പേര്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ച ദില്ലിയില്‍ 24 പേര്‍ മരിച്ചു. രോഗബാധിതരില്‍ 44 ആരോഗ്യ പ്രവർത്തകരുണ്ട്. 22 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദില്ലി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനെ ഹോട്ട് സ്പോട്ടുകളുടെ പട്ടികയില്‍ പെടുത്തി. 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാകേതിലെ മാക്സ് ആശുപത്രിയിൽ 150 പേര്‍ നിരീക്ഷണത്തിലാണ്. 43 തീവ്രബാധിത മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

മഹാരാഷ്ട്രയിൽ ഇന്ന് 352 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒറ്റ ദിവസം 300-ലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2334 ആയി. ഇന്ന് 11 പേരാണ് മരിച്ചത്. ഇതിൽ ഒമ്പതും മുംബൈയിലാണ്. മുംബൈയിൽ ഒന്നും പൂനെയിൽ രണ്ടും മലയാളി നഴ്സുമാർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രോഗിയുമായി ഇടപഴകിയ നഴ്സുമാരെ പരിശോധിക്കാൻ മുംബൈയിലെ ബോംബെ ആശുപത്രി തയ്യാറാകുന്നില്ലെന്ന പരാതിയുമായി യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ രംഗത്തെത്തി. വിവാദമായതോടെ സാമ്പിളുകൾ ഉടൻ ശേഖരിക്കാമെന്നും നഴ്സുമാരെ ഐസൊലേറ്റ് ചെയ്യാമെന്നും ആശുപത്രി മാനേജ്മെന്‍റ് ഉറപ്പ് നൽകി.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേക്കെത്താൻ ഒരുമാസത്തിലേറെ എടുത്തങ്കിൽ അ‍ഞ്ച് ദിവസം കൊണ്ടാണ് അത് ഇരട്ടിയാവുന്നത്. രോഗവ്യാപനം നിയന്ത്രണവിധേയമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഈ കണക്ക്.

പൂനെ റൂബി ഹാൾ ആശുപത്രിയിൽ രണ്ട് മലയാളികളടക്കം മൂന്ന് നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗസാധ്യതയുള്ള 36 നഴ്സുമാരെ ക്വാററ്റീൻ ചെയ്തു. നേരത്തെ നാല് മലയാളി നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ച ഭാട്ടിയ ആശുപത്രിയിലാണ് വീണ്ടുമൊരാൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇവിടെ 30-ലധികം നഴ്സുമാർ ചികിത്സയിലാണ്.സംസ്ഥാനത്ത് ഇതുവരെ 60 മലയാളി നഴ്സുമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ഇടമില്ലാത്തതിനാൽ മുംബൈയിലെ കെഇഎം ആശുപത്രിയിലെ രോഗികളെ റോഡരികിൽ ചികിത്സിച്ച സംഭവം വിവാദമായിരുന്നു. ഇവരെ മുംബൈ കോർപ്പറേഷൻ താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റി. 

ധാരാവിയിൽ രോഗസാധ്യത കൂടുതലുള്ളവർക്കെല്ലാം പ്രതിരോധ മരുന്നെന്ന നിലയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ സൾഫേറ്റ് ടാബ്ലറ്റ് മരുന്ന് നൽകും. ഫയർഫോഴ്സിന്‍റെ സഹായത്തോടെ ചേരികളിൽ കൂട്ട അണുനശീകരണവും നടത്തും.