'ഇന്നലെ നമ്മള്‍ റെക്കോര്‍ഡ് വാക്‌സീനേഷനാണ് പിന്നിട്ടത്. പിന്നാലെ രാത്രിയോടെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പനി വന്നു'-എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 

ദില്ലി: റെക്കോര്‍ഡ് വാക്‌സിനേഷനുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ വെള്ളി 2.5 കോടിയിലേറെ ഡോസാണ് വിതരണം ചെയ്തത്. പിന്നാലെ പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. ''ഇന്നലെ നമ്മള്‍ റെക്കോര്‍ഡ് വാക്‌സീനേഷനാണ് പിന്നിട്ടത്. പിന്നാലെ രാത്രിയോടെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പനി വന്നു''-എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഗോവയിലെ ആരോഗ്യപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തിയ മോദി കൊവിഡ് കാരണം പ്രതിസന്ധിയിലായ ടൂറിസം ഉള്‍പ്പെടെ മേഖലകള്‍ക്ക് കേന്ദ്രസഹായമുണ്ടാകുമെന്ന് പ്രഖ്യാപിച്ചു.

ഗോവക്കും ഹിമാചല്‍പ്രദേശിനും പിന്നാലെ കേരളം, പുതുച്ചേരി അടക്കം ഉടന്‍ ആദ്യ ഡോസ് വാക്‌സീന്‍ നൂറ് ശതമാനം നേട്ടം കൈവരിക്കുമെന്ന് മോദി പറഞ്ഞു. ആദ്യഘട്ട് ഡോസ് വിതരണം നൂറ് ശതമാനം പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കൊവിഡ് നിയന്ത്രണത്തിലെ ഇടപെടലും മന്ത്രാലയങ്ങുടെ പ്രവര്‍ത്തനവും അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി മന്ത്രാലയ സെക്രട്ടറിമാരുടെ യോഗം വിളിച്ചു. വൈകുന്നേരമാണ് യോഗം.

ജൂണില്‍ ചൈനയുടെ 2.47 കോടി ഡോസ് വാക്‌സീന്‍ എന്ന റെക്കോര്‍ഡിനെ പിന്തള്ളിയാണ് ഇന്ത്യയുടെ നേട്ടം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ ഇന്നലെ 2.5 കോടിയിലേറെ ഡോസാണ് വിതരണം ചെയ്തത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഈ റെക്കോര്‍ഡ് മറികടക്കുകയെന്ന ലക്ഷ്യത്തോടെയായായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്റെ ദൗത്യം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രത്യേക വാക്സിനേഷന്‍ യജ്ഞം നടത്തി. സംസ്ഥാനങ്ങളില്‍ കര്‍ണാടകമാണ് മുന്നില്‍ 26.9 ലക്ഷം ഡോസുകള്‍. രണ്ടാം സ്ഥാനത്ത് ബീഹാര്‍ 26.6 ലക്ഷം ഡോസുകള്‍. യുപി , മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലും റെക്കോര്‍ഡ് വാക്‌സീനേഷനാണ് നടന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona