റാഞ്ചി: സഹോദരന്‍റെ മരണത്തെ തുടര്‍ന്ന് ആവശ്യപ്പെട്ട ലീവ് അനുവദിക്കാത്തതിനാല്‍ പൊലീസ് സ്റ്റേഷനുള്ളില്‍ വെടിയുതിര്‍ത്ത് കോണ്‍സ്റ്റബിള്‍. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു  റാഞ്ചിയിലെ പൊലീസ് സര്‍ജന്‍റ് മേജറുടെ ഓഫീസില്‍ എത്തിയ കോണ്‍സ്റ്റബിള്‍ സുനില്‍ ഖാഖ തുടര്‍ച്ചയായി വെടിവെച്ചത്.

പത്ത് ദിവസം മുമ്പാണ് സുനില്‍ ഖാഖയുടെ സഹോദരന്‍ മരണമടഞ്ഞത്. എന്നാല്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സുനില്‍ ഖാഖയ്ക്ക് ലീവ് അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് മദ്യലഹരിയില്‍ സര്‍ജന്‍റ് മേജറുടെ ഓഫീസിലെത്തിയ ഇയാള്‍ തന്‍റെ സര്‍വ്വീസ് റിവോള്‍വറെടുത്ത് അലക്ഷ്യമായി വെടിയുതിര്‍ക്കുകയായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വെടിയൊച്ച കേട്ടെത്തിയ സഹപ്രവര്‍ത്തകര്‍ സുനില്‍ ഖാഖയെ കീഴ്‍പ്പെടുത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.  

ജോലിക്കെത്താതിരുന്നതിന്‍റെ പേരില്‍ കഴിഞ്ഞ ഏഴുമാസങ്ങളായി ഇയാള്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണങ്ങള്‍ നടത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.