കഴിഞ്ഞ സർക്കാറിന്‍റെ  കാലത്തെ അഴിമതികളെ സംബന്ധിച്ചുള്ള സിഎജി റിപ്പോർട്ടുകൾ ആദ്യ നിയമസഭാ സമ്മേളനത്തിൽതന്നെ സഭയില്‍ വയ്ക്കും

ദില്ലി:സിഎജി റിപ്പോര്‍ട്ട് പുറത്ത് വിട്ട് അരവിന്ദ് കെജരിവാളിനെയും ആംആ്ദമി പാര്‍ട്ടി നേതാക്കളെയും വീണ്ടും കുരുക്കാന്‍ ദില്ലിയിലെ പുതിയ സര്‍ക്കാര്‍.14 സിഎജി ഓഡിറ്റ് റിപ്പോർട്ടുകള്‍ ആദ്യ നിയമസഭാ സമ്മേളനത്തില് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപത പ്രഖ്യാപിച്ചു. എഎപി സർക്കാറിന്റെ കാലത്ത് നടത്തിയ എല്ലാ താൽകാലിക നിയമനങ്ങളും റദ്ദാക്കി മുഖ്യമന്ത്രി ഉത്തരവിട്ടു. വനിതകൾക്ക് ധനസഹായം നൽകുന്ന പദ്ധതി ആദ്യ മന്ത്രിസഭ യോഗത്തില്‍ പാസാക്കാതെ ബിജെപി ദില്ലിയിലെ ജനങ്ങളെ വഞ്ചിച്ചെന്ന് ആംആദ്മി പാര്‍ട്ടി വിമർശിച്ചു.

മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ അരവിന്ദ് കെജ്രിവാളിനും എഎപിക്കും ശക്തമായ മുന്നറിയിപ്പുമായി രേഖ ഗുപ്ത. കഴിഞ്ഞ സർക്കാറിന്‍റെ കാലത്തെ അഴിമതികളെ സംബന്ധിച്ചുള്ള സിഎജി റിപ്പോർട്ടുകൾ ആദ്യ നിയമസഭാ സമ്മേളനത്തിൽതന്നെ സഭയില് വയ്ക്കാന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. 14 സിഎജി ഓഡിറ്റ് റിപ്പോർട്ടുകളാണ് പുറത്തുവരാനുള്ളത്. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമടക്കം ജയിലിലായ മദ്യനയത്തെ കുറിച്ചടക്കമുള്ള റിപ്പോർട്ടുകളാണിത്. ഇതോടെ കെജരിവാളിന്‍റെയും സംഘത്തിന്‍റെയും തനി നിറം ജനം അറിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയായി രണ്ടാംദിനം തന്നെ കടുംവെട്ട് നടപടികളും രേഖ തുടങ്ങി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലും, ദില്ലി സർക്കാറിന് കീഴിലുള്ള ബോർഡ്, കോർപ്പറേഷൻ, ആശുപത്രികൾ, സമിതികൾ മുതലായവയിലും എഎപി സർക്കാർ താൽകാലികമായി നിയമിച്ചവരെ അടിയന്തിരമായി പുറത്താക്കി ഉത്തരവിട്ടു. പുതിയ നിയമനങ്ങൾക്കും നടപടി തുടങ്ങി. അതേസമയം ദില്ലിയിലെ എല്ലാ വനിതകൾക്കും മാസം 2500 രൂപവീതം നൽകുന്ന മഹിളാ സമ്മാൻ യോജന പദ്ധതി നടപ്പാക്കുമെന്ന് ബിജെപി പ്രകടപത്രികയിൽ പ്രഖ്യാപിച്ചിരുന്നു. പദ്ധതി നടപ്പാക്കാന്‍ ആദ്യമന്ത്രിസഭാ യോ​ഗത്തിൽ തന്നെ തീരുമാനമെടുക്കുമെന്ന് വാ​ഗ്ദാനം ചെയ്ത ബിജെപി ജനങ്ങളെ വഞ്ചിച്ചെന്നാണ് എഎപിയുടെ ആരോപണം. എന്നാൽ 13 വർഷം ഭരിച്ചവർക്ക് ഒരു ദിവസം മാത്രം പിന്നിട്ട സർക്കാറിനെ ചോദ്യം ചെയ്യാൻ അവകാശമില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു