ദില്ലി: രാഷ്ട്രപതി ഭവനിലെ ശുചീകരണത്തൊഴിലാളിയുടെ മരുമകൾക്ക് കൊവിഡ് 19 ബാധി സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവർ താമസിക്കുന്ന കെട്ടിട സമുച്ചയത്തിനുള്ളിലെ 125 കുടുംബങ്ങളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ശുചീകരണത്തൊഴിലാളിയുടെ മരുമകളുടെ അമ്മ കൊവിഡ് 19 ബാധിച്ച് മരിച്ചിരുന്നു. ബന്ധുക്കളും കുടുംബാം​ഗങ്ങളും ഉൾപ്പെടെയുള്ള എല്ലാവരും ഇവരുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. അതിനെ തുടർന്ന് കുടുംബത്തിലെ എല്ലാവരെയും ഐസൊലേഷനിലാക്കിയിരുന്നു. എന്നാൽ ഇവരുടെ പരിശോധനാ ഫലം നെ​ഗറ്റീവായിരുന്നു. പക്ഷേ കഴിഞ്ഞ തിങ്കളാഴ്ച കൊവിഡ് 19 പരിശോധനാഫലം എത്തിയപ്പോൾ ശുചീകരണതൊഴിലാളിയുടെ മരുമകൾക്ക് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. 

കുടുംബത്തിലാദ്യമായിട്ടാണ് കൊവിഡ് 19 പോസിറ്റീവ് ആകുന്നത്. പരിശോധനാ ഫലം എത്തിയതിനെ തുടർന്ന് രാഷ്ട്രപതി ഭവനിലെ കെട്ടിട സമുച്ചയത്തിൽ താമസിക്കുന്ന 125 കുടുംബങ്ങളെ ഹൗസ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇവരുടെ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന ബ്ലോക്കിലെ 25 കുടുംബങ്ങൾ കർശനമായി നിരീക്ഷണത്തിലാണ്. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാൻ അനുവാദമുണ്ടെങ്കിലും ഇവിടങ്ങളിൽ കർശനമായ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.