''അവളുടെ അമ്മയും സഹോദരിയും ആശ്വസിപ്പിക്കാനാവാത്ത വിധം ദുഃഖത്തിലാണ്. വരുന്നവരെല്ലാം പറയുന്നത് നീതി ലഭിക്കുമെന്നാണ്. അതുകൊണ്ട് എന്താണ് പ്രയോജനം?''
ഹൈദരാബാദ്: ''കുടുംബം ഇപ്പോഴും അവളുടെ മരണമെന്ന സത്യത്തെ ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലാണ്...'' ഹൈദരാബാദില്‍ കൊല്ലപ്പെട്ട മൃഗഡോക്ടറുടെ അമ്മാവന്‍ പറയുന്നു.
''അവള്‍ നല്ല വ്യക്തിയാണ്. ഇപ്പോഴും ആയിരുന്നു എന്ന് പറയാന്‍ എനിക്ക് കഴിയില്ല. സംഭവം അറിഞ്ഞതിന് ശേഷം അധികൃതരിലൊരാള്‍ എന്നോട് പേര് ചോദിച്ചപ്പോള്‍ ഞാന്‍ നിശബ്ദനായിപ്പോയി. അത്തരമൊരു ഷോക്ക് ആയിരുന്നു ഞങ്ങള്‍ ഓരോരുത്തര്‍ക്കും ''
''അവളുടെ അമ്മയും സഹോദരിയും ആശ്വസിപ്പിക്കാനാവാത്ത വിധം ദുഃഖത്തിലാണ്. വരുന്നവരെല്ലാം പറയുന്നത് നീതി ലഭിക്കുമെന്നാണ്. അതുകൊണ്ട് എന്താണ് പ്രയോജനം? ഞങ്ങളുടെ മകള്‍ തിരിച്ചുവരുമോ ? നിര്‍ഭയയ്ക്ക് ശേഷവും ഒന്നും മാറിയിട്ടില്ല. അതാണ് ഈ രാജ്യത്തിന്‍റെ ഗതികേട്'' - മരിച്ച വെറ്ററിനറി ഡോക്ടറുടെ അമ്മാവന്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
''മെഡിസിന് റാങ്ക് ലഭിച്ചിട്ടും മൃഗങ്ങളോടുള്ള സ്നേഹമാണ് അവളെ മൃഗഡോക്ടറാക്കിയത്. കുട്ടിക്കാലം മുതലേ മൃഗങ്ങളോട് അവള്‍ക്ക് വലിയ സ്നേഹമായിരുന്നു. തെരുവ് നായകള്‍ക്കും പശുക്കള്‍ക്കും കുതിരകള്‍ക്കുമെല്ലാം ആഹാരം നല്‍കുമായിരുന്നു. ചെറിയ വീട്ടില്‍ താമസിക്കുമ്പൊഴും വളര്‍ത്തുമൃഗങ്ങളെ മാറ്റി നിര്‍ത്തിയിരുന്നില്ല''
''മൃഗങ്ങളോടുള്ള സ്നേഹം, പുസ്തകങ്ങള്‍, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, ആഹാരം പാകം ചെയ്യുക ഇതെല്ലാമായിരുന്നു അവള്‍ക്ക് പ്രിയം. ലോകത്ത് നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നെങ്കില്‍ ഇതൊന്നും ഇങ്ങനെയാകില്ലായിരുന്നു'' - പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരു ബന്ധു പറഞ്ഞു.
ജോലികിട്ടിയതിന് ശേഷം, മൂന്ന് വര്‍ഷം മുമ്പാണ് അവള്‍ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഇപ്പോഴുള്ള വീട്ടിലേക്ക് മാറിയത്. കാണുമ്പോഴെല്ലാം ചിരിച്ച് കുറച്ചുവാക്കുകളെങ്കിലും സംസാരിക്കുമായിരുന്നുവെന്ന് പെണ്‍കുട്ടിയെക്കുറിച്ച് അയല്‍വാസിയായ ശാലിനിയും പറയുന്നു.
ഷംസാദ് ടോള്‍ പ്ലാസയിലാണ് അവള്‍ വാഹനം പാര്‍ക്ക് ചെയ്യാറ്. അവിടെ നിന്ന് ടാക്സിയിലോ ബസ്സിലോ പോകും, അതാണ് പതിവ്. സഹോദരി ടോള്‍ പ്ലാസയ്ക്ക് സമീപമാണ് ജോലി ചെയ്യുന്നത്. അവളുമായി വലിയ അടുപ്പമായിരുന്നു മരിച്ച ഡോക്ടര്‍ക്ക്.
നവംബര്‍ 27നും അവള്‍ അതുതന്നെയാണ് ചെയ്തത്. വണ്ടി ടോള്‍ പ്ലാസയില്‍വച്ച് ടാക്സിവിളിച്ച് പോയി. തിരിച്ചുവന്നപ്പോള്‍ വാഹനത്തിന്‍റെ ടയര്‍ പഞ്ചറായതായി കണ്ടു. നാല് പേര്‍ തൊട്ടടുത്തുണ്ടായിരുന്ന ലോറിക്ക് സമീപം ഇരിപ്പുണ്ടായിരുന്നു. അവര്‍ അവളെ വീട്ടില്‍ വിടാമെന്ന് ഏറ്റു. അന്ന് അര്‍ദ്ധരാത്രിയില്‍ അവര്‍ നാലുപേരും ചേര്‍ന്ന് അവളെ ബലാത്സംഗം ചെയ്ത് കൊന്നു. അടുത്ത ദിവസം അവളുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെത്തിയത്.
''ഞങ്ങളുടെ സമുദായത്തില്‍ അവിവാഹിതയായ പെണ്‍കുട്ടി മരിച്ചാല്‍ സംസ്കാരച്ചടങ്ങിന് മുമ്പ് അവളെ പ്രതീകാത്മകമായി ഒരു മരവുമായി വിവാഹം ചെയ്യിക്കണം. ഞങ്ങള്‍ക്ക് അതുപോലും ചെയ്യാന്‍ സാധിച്ചില്ല. ആകെ ചെയ്യാനുള്ളത് അവളുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുക മാത്രമാണ്'' ബന്ധുക്കള്‍ പറഞ്ഞു.
