നിലവിലുള്ള കോടികളുടെ കുടിശിക എങ്ങനെ കിട്ടുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരവെ പുതിയ പദ്ധതിയുടെ നടത്തിപ്പില്‍ ആശുപത്രികള്‍ക്ക് ആശങ്കയുണ്ട്

ദില്ലി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പ് ചുമതല റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന് നൽകി. വിവിധ ഇൻഷുറൻസ്‍ പദ്ധതികളില്‍ കോടികളുടെ കുടിശിക വരുത്തിയ കമ്പനിക്കാണ് 41 ലക്ഷം പേര്‍ അംഗങ്ങളാകുന്ന പുതിയ ഇന്‍ഷുറന്‍സിന്‍റെയും ടെന്‍ഡര്‍ ലഭിച്ചത്. പദ്ധതി ഏപ്രില്‍ ഒന്നു മുതല്‍ തുടങ്ങും.

പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയും സംസ്ഥാന സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷയും സംയോജിപ്പിച്ച് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സിന്‍റെ ടെന്‍ഡറാണ് റിലയന്‍സ് ഇന്‍ഷുറന്‍സിന് കിട്ടിയത്. 1671 രൂപ പ്രീമിയത്തില്‍ അ‍ഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സിന്‍റെ ചുമതലയാണ് കമ്പനി ഏറ്റെടുക്കുന്നത്. പ്രതിവര്‍ഷം പ്രീമിയം ഇനത്തില്‍ 692 കോടി രൂപ കമ്പനിക്ക് ലഭിക്കും.

എന്നാല്‍, ആര്‍ എസ് ബി വൈ, ചിസ് അടക്കമുളള ഇന്‍ഷുറന്‍സ് പദ്ധതികളുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഈ കമ്പനി കൃത്യസമയത്ത് പണം നല്‍കാതെ 61 കോടി രൂപ കുടിശിക വരുത്തിയിരുന്നു. ഇതോടെ ആശുപത്രികള്‍ അര്‍ബുദ ചികില്‍സക്കുളള ജീവൻരക്ഷാ മരുന്നുകളും ഹൃദയ ശസ്ത്രക്രിയക്കുളള സ്റ്റെന്‍റ് , ഇംപ്ലാൻറുകള്‍ എന്നിവ വിതരണം ചെയ്യുന്ന കമ്പനികള്‍ക്കും പണം നല്‍കാനാകാത്ത അവസ്ഥയിലായിരുന്നു. 

മെഡിക്കല്‍ കോളജ് ആശുപത്രികളുടെ പ്രവര്‍ത്തനവും താളം തെറ്റിയെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ തന്നെ രംഗത്തെത്തി. ഇതേ കമ്പനിയുടെ കൈകളിലേക്കാണ് സമഗ്ര ആരോഗ്യ ഇന്‍ഷൂൻസിന്‍റെ ചുമതലയും വന്നു ചേര്‍ന്നത്.

നിലവിലുള്ള കോടികളുടെ കുടിശിക എങ്ങനെ കിട്ടുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരവെ പുതിയ പദ്ധതിയുടെ നടത്തിപ്പില്‍ ആശുപത്രികള്‍ക്ക് ആശങ്കയുണ്ട്. അതേ സമയം ടെൻഡറില്‍ പങ്കെടുത്തെ നാലു കമ്പനികളില്‍ ഏറ്റവും കുറഞ്ഞ പ്രീമിയം തുക നല്‍കിയത് റിലയൻസ് ആയിരുന്നുവെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.