റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയിൽ മൂന്നിലൊന്നും എത്തുന്നത് റിലയൻസിൻറെ റിഫൈനറികളിലാണ്. ഈ സാഹചര്യത്തിൽ ഇറക്കുമതി തുടരുന്നതിൽ റിലയൻസ് സർക്കാരിൻറെ നയം തേടി.

ദില്ലി: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതിക്കെതിരായ അമേരിക്കൻ ഉപരോധത്തിൽ സർക്കാരിൻറെ നയപരമായ നിലപാട് തേടി റിലയൻസ്. ബദൽ മാർഗ്ഗങ്ങൾ റിലയൻസും പൊതുമേഖല എണ്ണകമ്പനികളും ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. റഷ്യൻ കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തിൽ ഇന്ത്യൻ കമ്പനികൾ സർക്കാരിനെ ആശങ്ക അറിയിച്ചു. ഒരു മാസത്തിനകം എല്ലാ ഇടപാടുകളും നിറുത്തി വയ്ക്കണം എന്നാണ് അമേരിക്കൻ നിർദ്ദേശം. അതേസമയം യൂറോപ്യൻ രാജ്യങ്ങൾ ഉപരോധത്തിൽ ഇളവ് ചോദിക്കുന്നത് ഇരട്ടത്താപ്പാണെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ കുറ്റപ്പെടുത്തി.

റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയിൽ മൂന്നിലൊന്നും എത്തുന്നത് റിലയൻസിൻറെ റിഫൈനറികളിലാണ്. ഈ സാഹചര്യത്തിൽ ഇറക്കുമതി തുടരുന്നതിൽ റിലയൻസ് സർക്കാരിൻറെ നയം തേടി. ഉപരോധം റിലയൻസിൻറെ മറ്റു രാജ്യങ്ങളിലെ വ്യാപാരത്തെ ബാധിച്ചേക്കാം. അതിനാൽ അമേരിക്കൻ ഉപരോധത്തെ നയതന്ത്ര തലത്തിൽ നേരിടണം എന്നാണ് കമ്പനികളുടെ ആവശ്യം. ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിൻറെ 35 ശതമാനമാണ് റഷ്യയിൽ നിന്ന് വാങ്ങുന്നത്. പകരം എവിടെ നിന്ന് ക്രൂഡ് ഓയിൽ വാങ്ങും എന്നതിലും കേന്ദ്രം തീരുമാനം എടുക്കേണ്ടി വരും. ഇന്ത്യൻ എണ്ണ കമ്പനികൾ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിറുത്തിയേക്കും എന്ന വാർത്തകൾ ലോക വിപണിയിൽ വില മാറുന്നതിനും ഇടാക്കിയിട്ടുണ്ട്.

ബാരലിന് മൂന്നു ഡോളറാണ് ഇന്നലെ ഉയർന്നത്. ഉപരോധത്തിൽ ഇളവു തേടി യുകെയും ജർമ്മനിയും അമേരിക്കയെ സമീപിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് ഇരട്ടത്താപ്പാണെന്ന് ഇത് തെളിയിക്കുന്നതാണ് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ കുറ്റപ്പെടുത്തി. ഇന്ത്യ യുഎസ് വ്യാപാര കരാറിനുള്ള ചർച്ചകൾ നല്ല രീതിയിൽ നടക്കുന്നു എന്നും എന്നാൽ തോക്കിൻ മുനയിൽ നിറുത്തി ഇത് ഇന്ത്യയെ കൊണ്ട് ഒപ്പീടിക്കാൻ ആവില്ലെന്നും പിയൂഷ് ഗോയൽ മുന്നറിയിപ്പ് നല്കി.