എന്നാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളത്തോട് കൂടുതൽ ഉദാര നിലപാട് കാണിക്കണം എന്ന് കോടതി നിർദ്ദേശിച്ചു. ഒറ്റതവണ പ്രത്യേക പാക്കേജ് ആലോചിക്കണം.
ദില്ലി: വായ്പാപരിധിയിൽ കേരളത്തിന്റെ ആവശ്യത്തെ പിന്തുണച്ച് സുപ്രീംകോടതി. കേരളത്തിന് ഒറ്റതവണ പാക്കേജ് നല്കുന്നത് പരിഗണിക്കാൻ കേന്ദ്ര സർക്കാരിന് കോടതി നിർദ്ദേശം നൽകി. ഉദാരസമീപനം കേന്ദ്രം കാണിക്കണം എന്ന് നിരീക്ഷിച്ച കോടതി നാളെ പത്തരയ്ക്ക് തീരുമാനം അറിയിക്കാൻ ആവശ്യപ്പെട്ടു.
വായ്പാ പരിധി ഉയർത്തണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച കേരളത്തിന് ആശ്വാസം. പതിമൂവായിരത്തി അറുനൂറ്റിയെട്ട് കോടി രൂപ കേരളത്തിന് നൽകാൻ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സമ്മതിച്ചിരുന്നു. ഇതിൽ എണ്ണായിരം കോടി ഇതിനകം നല്കി. ഇരുപതിനായിരം കോടി കൂടി നല്കണം എന്ന ആവശ്യം കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ കേന്ദ്രം തള്ളി. ഇക്കാര്യം ഇന്ന് കേരളത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. കൂടുതൽ തുക കിട്ടാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണെന്നും കേരളം ബോധിപ്പിച്ചു.
ഒൻപത് സംസ്ഥാനങ്ങൾ ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും കേരളത്തിന് മാത്രമായി ഇളവ് നല്കാനാവില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി. അടുത്ത വർഷത്തെ പരിധിയിൽ നിന്നുള്ള 5000 കോടി ഏപ്രിൽ ഒന്നിന് തന്നെ അനുവദിക്കാം എന്ന നിർദ്ദേശവും കേന്ദ്രം വച്ചു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളത്തോട് കൂടുതൽ ഉദാര നിലപാട് കാണിക്കണം എന്ന് കോടതി നിർദ്ദേശിച്ചു. ഒറ്റതവണ പ്രത്യേക പാക്കേജ് ആലോചിക്കണം.
പകരം അടുത്തവർഷം കർശന നിബന്ധനകൾ കേന്ദ്രത്തിന് ആലോചിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. പാക്കേജിനെക്കുറിച്ച് ആലോചിച്ച് മറുപടി അറിയിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. ചർച്ചയിൽ വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത കേന്ദ്ര സർക്കാരിന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരുടെ ബഞ്ച് സ്വീകരിക്കുന്ന നിലപാട് കടുത്ത സമ്മർദ്ദമാകുകയാണ്.
