ആർഎസ്എസ് ഞങ്ങളുടേതാണ്, നിങ്ങളുൾപ്പെടെ മുസ്ലീംകളും ക്രിസ്ത്യാനികളും നമ്മുടെ രാജ്യത്തെ എല്ലാവരും സമീപഭാവിയിൽ ‘നമ്മുടെ ആർഎസ്എസ്’ എന്ന് വിളിക്കേണ്ടിവരും- സ്പീക്കര്‍ പറഞ്ഞു.
ബെംഗളൂരു: കര്‍ണ്ണാടക നിയമസഭാ സമ്മേളനത്തിനിടെ നിയമസഭാ സ്പീക്കര്‍ നടത്തിയ ആര്‍എസ്എസ് അനുകൂല പ്രസ്താവന വിവാദമാകുന്നു. സ്പീക്കറുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. ഇന്ന് നടന്ന നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി നടത്തിയ 'നമ്മുടെ ആർഎസ്‌എസ്' എന്ന പ്രയോഗമാണ് വിവാദമായത്.
ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയോട് "എന്തുകൊണ്ടാണ് നിങ്ങൾ എപ്പോഴും ഞങ്ങളുടെ ആർഎസ്എസിനോട് ഇത്രയധികം ദേഷ്യപ്പെടുന്നത്' എന്ന് കാഗേരി ചോദിച്ചു. ഇതോടെ സ്പീക്കർ, ആ കസേരയിലിരുന്ന് എങ്ങനെയാണ് ‘നമ്മുടെ ആർഎസ്എസ്’ എന്ന് വിളിക്കുക എന്ന് സമീർ അഹമ്മദ് ഖാൻ എംഎല്‍എ ചോദ്യം ചെയ്തു.
എന്നാല്‍ സ്പീക്കർ തന്റെ നിലപാട് ആവർത്തിച്ചു. സ്പീക്കറെ ഭരണപക്ഷം അനുകൂലിച്ചതോടെ അദ്ദേഹം തന്റെ നിലപാട് വിശദീകരിച്ചു. ആർഎസ്എസ് ഞങ്ങളുടേതാണ്, നിങ്ങളുൾപ്പെടെ മുസ്ലീംകളും ക്രിസ്ത്യാനികളും നമ്മുടെ രാജ്യത്തെ എല്ലാവരും സമീപഭാവിയിൽ ‘നമ്മുടെ ആർഎസ്എസ്’ എന്ന് വിളിക്കേണ്ടിവരും- സ്പീക്കര്‍ പറഞ്ഞു.
നിയമസഭാ സ്പീക്കര്‍ സ്ഥാനത്തിരുന്ന് രാഷ്ട്രീയ ചായ്വ് കാട്ടരുതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഇതാദ്യമായല്ല കഗേരി ആർഎസ്എസിനോടുള്ള അടുപ്പം പരസ്യമായി പ്രഖ്യാപിക്കുന്നത്. 2019ല്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കഗേരി തന്‍റെ നേട്ടങ്ങൾക്ക് സംഘപരിവാറാണ് കാരണമെന്ന് പറഞ്ഞിരുന്നു.
