Asianet News MalayalamAsianet News Malayalam

കാര്‍ഗില്‍ വിജയത്തിന് 20 വയസ്സ്: ജ്വലിക്കുന്ന ഓര്‍മ്മയായി ക്യാപ്റ്റന്‍ വിക്രം ബത്ര

പകല്‍ സമയത്തൊരു പോരാട്ടം നടന്നാല്‍ ഉയരത്തിലിരിക്കുന്ന ശത്രുക്കള്‍ക്ക് തങ്ങളെ എളുപ്പം ആക്രമിക്കാന്‍ സാധിക്കും എന്ന് തിരിച്ചറ‌ിഞ്ഞ യോഗേഷ് കുമാര്‍ ജോഷി ജൂലൈ 18-ന് സൂര്യനുദിക്കും മുന്‍പായി പോയിന്‍റ് 5140 പിടിച്ചെടുക്കാന്‍ തീരുമാനിച്ചു. 

remembering vikram bathra on the 20th anniversary of kargil war
Author
Kargil, First Published Jul 23, 2019, 6:50 PM IST

ചണ്ഡീഗഢ്: കാർഗിൽ യുദ്ധവിജയത്തിന്‍റെ ഇരുപതാം വാർഷികത്തിൽ ജീവൻ നല്‍കിയും സ്വരാജ്യത്തെ സംരക്ഷിച്ച 527 ധീര സൈനികരെ ഓര്‍ക്കുകയാണ് രാഷ്ട്രം. രാജ്യം പരംവീർ ചക്ര നല്‍കി ആദരിച്ച ഈ ധീരരില്‍ ഒരാളാണ് കാർഗിൽ യുദ്ധത്തിലെ ഹീറോ ക്യാപ്റ്റൻ വിക്രം ബത്ര. യുദ്ധത്തിനിടെയേറ്റ പരിക്ക് വകവയ്ക്കാതെ ശത്രുപാളയം തകർത്ത് മുന്നേറിയ ക്യാപ്റ്റൻ ബത്ര സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.

കാര്‍ഗില്‍ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിനിടെ കൊലപ്പെട്ട വിക്രം ബത്രയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിന്‍റെ ഇരട്ടസഹോദരന്‍ കൂടിയായ വിശാല്‍ ബത്ര. ചണ്ഡിഗഡിൽ പ്രമുഖ ബാങ്കിലെ ജനറൽ മാനേജരായി പ്രവർത്തിക്കുന്നു വിശാൽ ബത്ര ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റിജണല്‍ ഏഡിറ്റര്‍ പ്രശാന്ത് രഘുവംശവുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും.

ഏപ്പോഴാണ് വിക്രം ബത്രയ്ക്ക് സൈന്യത്തിൽ ചേരാനുള്ള താല്പര്യം തോന്നിയത്?

ഞങ്ങള്‍ ഇരട്ടസഹോദരങ്ങളാണ്. ഞാനാണ് ഇളയ ആള്‍. ഞങ്ങളുടെ കുട്ടിക്കാലത്ത് ടിവിയില്‍  പരംവീർചക്ര എന്ന സീരിയലുണ്ടായിരുന്നു. ആ സീരിയൽ ഞങ്ങളെ രണ്ടു പേരെയും ആകർഷിച്ചു. സൈന്യത്തിൽ ചേരാൻ തീരുമാനിച്ചത് അത് കണ്ടാണ്. ആർമി കൻറോൺമെൻറിന് ഉള്ളിലായിരുന്നു ഞങ്ങളുടെ സ്കൂൾ. എല്ലാവരും സൈനിക വേഷത്തിലായിരുന്നു. സൈന്യത്തോടുള്ള താല്പര്യം വര്‍ധിപ്പിക്കാന്‍ ഇതും കാരണമായി. 
 
സൈന്യത്തിൽ ഉദ്യോഗസ്ഥനായി ചേര്‍ന്ന ദിവസം വിക്രമിന്‍റെ പ്രതികരണം എന്തായിരുന്നുവെന്ന് ഓര്‍ക്കുന്നുണ്ടോ ? 

സാധാരണ പാസ്സിംഗ് ഔട്ട് പരേഡ് സമയത്ത് രക്ഷകർത്താക്കളെയാണ് എല്ലാവരും വിളിക്കുന്നത്. എന്നാൽ 1999 ഡിസംബർ ആറിന് വിക്രം ഉദ്യോഗസ്ഥനായപ്പോൾ 17 സുഹൃത്തുക്കളാണ് അദ്ദേഹത്തെ സ്വീകരിക്കാന്‍ അവിടെ എത്തിയത്. രാജ്യത്തിനായി സ്വയം സമർപ്പിക്കുന്നു എന്ന പ്രതിജ്ഞ ഏറ്റു ചൊല്ലിയ നിമിഷം വിക്രം ഏറെ സന്തോഷവാനായി കാണപ്പെട്ടു. ഞാനും സൈന്യത്തിൽ ചേരാൻ ശ്രമിച്ചെങ്കിലും മൂന്നു തവണ പരാജയപ്പെട്ടു. എന്നാൽ വിക്രം ഓഫീസറായപ്പോൾ ഞാനും ആ സൈനിക നക്ഷത്രം അണിഞ്ഞതു പോലെയാണ് തോന്നിയത്.

കാർഗിൽ യുദ്ധത്തിനു തൊട്ടു മുമ്പ് എന്താണ് വിക്രം കൂട്ടുകാരോട് പറഞ്ഞത്

കാർഗിൽ യുദ്ധം തുടങ്ങുന്നതിന് മുമ്പ് വിക്രം പാലംപൂരിൽ എത്തിയിരുന്നു. പ്രശസ്തമായ ഒരു കോഫി ഷോപ്പിൽ സുഹൃത്ത് സണ്ണിക്കൊപ്പം വിക്രം പോയി. കാർഗിലിൽ സംഘർഷാവസ്ഥയാണ്, സൂക്ഷിക്കണം എന്ന് വിക്രമിനോട് സണ്ണി ഉപദേശിച്ചു. ഒന്നുകിൽ ഞാൻ ത്രിവർണ്ണ പതാക പാറിക്കും. അല്ലെങ്കിൽ അതും പുതച്ച് വരും എന്നായിരുന്നു സണ്ണിയോടുള്ള വിക്രമിന്‍റെ മറുപടി. തന്‍റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കി കൊണ്ട് കാര്‍ഗില്‍ മലനിരകളില്‍ ഒരു കുന്ന് ശത്രുക്കളില്‍ നിന്നും വിക്രമും സംഘവും പിടിച്ചെടുത്തു. മറ്റൊരു കുന്നില്‍ നിന്നും എതിരാളികളെ തുരത്തിയോടിക്കാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. 

കാർഗിലിലെ പോരാട്ടം എങ്ങനെ ഓർക്കുന്നു. ഷേർഷാ എന്നല്ലേ അക്കാലത്ത് വിക്രം അറിയപ്പെട്ടിരുന്നത്

കാര്‍ഗില്‍ യുദ്ധത്തിനിടെ ഇന്ത്യന്‍ സേനയുടെ റേഡിയോ സംഭാഷണം ശത്രുക്കള്‍ പിടിച്ചെടുത്തു. അതില്‍ നിന്നും തങ്ങളെ തുരത്താന്‍ ഷേര്‍ഷാ എന്നൊരു ഉദ്യോഗസ്ഥന്‍ വരുന്നു എന്നവര്‍ മനസ്സിലാക്കി. പിന്നീട് വിക്രമും സംഘവും എതിരാളികളെ നേരിടുമ്പോള്‍ ‘ഷേർഷാ കയറിവരണ്ട, ജീവൻ പോകും’ എന്നായിരുന്നു അവരുടെ ഭീഷണി. ഈ മലയില്‍ ആര് അവശേഷിക്കുമെന്ന് കാണാമെന്നായിരുന്നു അവന്‍റെ മറുപടി. ഒടുവിൽ എതിരാളികളുടെ ബങ്കർ തകർത്ത് മൂന്നു പേരെ വിക്രമും സംഘവും കൊലപ്പെടുത്തി.  വിക്രം വലിയ പരാക്രമിയായിരുന്നു. എപ്പോഴും മുന്നിൽ നിന്ന് നയിച്ച ഉദ്യോഗസ്ഥനായിരുന്നു വിക്രം എന്നാണ് പിന്നീട് സഹപ്രവർത്തകരിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്

കൊല്ലപ്പെട്ട ദിവസം പരിക്കും പനിയും വകവയ്ക്കാതെയാണല്ലോ ക്യാപ്റ്റൻ വിക്രം മലനിരകളിലേക്ക് പോയത്?

‘യെ ദിൽ മാംഗെ മോർ’ (ഹൃദയം ഇനിയുമേറെ കൊതിക്കുന്നു) എന്നതായിരുന്നു ആദ്യ വിജയത്തിനു ശേഷം വിക്രമിന്‍റെ പ്രതികരണം. അത് രാജ്യത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റി. ഒരു വിജയം നേടിയെങ്കിലും ഇന്ത്യയ്ക്ക് വിജയിക്കാൻ കൂടുതൽ നേട്ടം വേണമെന്ന് വിക്രം മനസ്സിലാക്കി. കൂടുതൽ ചെയ്യാനുള്ള ആവേശം വിക്രമിനുണ്ടായിരുന്നു. ഒടുവിൽ ആ ധീരത തന്ത്രപ്രധാനമായ ഒരു മലനിര തിരിച്ചു പിടിക്കുന്നതിലേക്ക് നയിച്ചു

യുദ്ധത്തിനിടെ വിക്രം വീട്ടിലേക്ക് വിളിച്ചിരുന്നോ? വിക്രം കൊല്ലപ്പെട്ട വിവരം സൈന്യം എങ്ങനെയാണ് അറിയിച്ചത്

കാര്‍ഗില്‍ യുദ്ധത്തിനിടെ വിക്രം ഒരിക്കൽ വിളിച്ചിരുന്നു. അച്ഛനോടും അമ്മയോടും സാറ്റലൈറ്റ് ഫോണിൽ സംസാരിച്ചു. തന്‍റെ ദൗത്യം വിജയിച്ചു എന്ന് പറയാനാണ് വിളിച്ചത്. അന്ന് ഞാന്‍ ദില്ലിയിലാണ്. ജോലിക്കിടെ ജൂലൈ എഴിന് ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കോൾ കിട്ടിയത്. ഒരു മോശം വാർത്തയുണ്ടെന്ന് വിളിച്ചയാൾ പറഞ്ഞു. എന്താണ് വാർത്തയെന്ന് എനിക്ക് ഊഹിക്കാനായി. നിങ്ങളുടെ സഹോദരൻ കൊല്ലപ്പെട്ടു എന്നായിരുന്നു സന്ദേശം. അന്ന് എന്നെ വിളിച്ചതാരാണെന്ന് അറിയില്ല. 

വിക്രമിന് പരം വീർ ചക്ര നല്കി ആദരിച്ചു. 20 കൊല്ലത്തിനിപ്പുറം വിക്രമിൻറെ ധീരതയെ എങ്ങനെ ഓർക്കുന്നു?

പരം വീർ ചക്ര ഞങ്ങൾക്ക് സീരിയൽ ആയിരുന്നു. അത് കണ്ടാണ് വളർന്നത്. കാർഗിലിനു മുമ്പ് 17 പേർക്കാണ് പരം വീർ ചക്ര കിട്ടിയത്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത നാലു പേർക്ക് ഈ ബഹുമതി കിട്ടി. ആ സീരിയൽ കണ്ട് വളർന്ന ഞങ്ങൾ ഇരട്ടകളിൽ ഒരാൾ തന്ന പരം വീർ ചക്രയ്ക്ക് അർഹനാകും എന്ന് കരുതിയില്ല. ഒരു പാട് പേർ അഭിമാനത്തോടെ വിക്രമിനെ ഓർക്കുന്നു. എന്നാൽ ഞങ്ങളുടെയൊക്കെ ജീവിതത്തില്‍ വലിയ ശൂന്യതയാണ് അവന്‍റെ മരണം സൃഷ്ടിച്ചത്. വിക്രമിനെ ഓര്‍ക്കാത്ത ഒരു ദിവസവും ജീവിതത്തിലുണ്ടായിട്ടില്ല. 

ക്യാപ്റ്റന്‍ വിക്രം ബത്ര - ജീവിതരേഖ
ജനനം - 9 സെപ്തംബര്‍ 1974 പലംപുര്‍, ഹിമാചല്‍ പ്രദേശ് 
സൈന്യത്തില്‍ ചേര്‍ന്നത്  1997-ല്‍
മരണം - 7 ജൂലൈ 1999 - കാര്‍ഗിലിലെ പോയിന്‍റ് 4875 തിരികെ പിടിക്കാനുള്ള സൈനിക നടപടിക്കിടെ
മരണാനന്തരം പരംവീരചക്ര പുരസ്കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു
 
പോയിന്‍റ് 5140

പാക് സൈന്യം പിടിച്ചെടുത്ത കാര്‍ഗില്‍ ജില്ലയിലെ ത്രാസ് സെക്ടറിലെ മലനിരകളില്‍ നിന്നും എതിരാളികളെ തുരത്താനുള്ള ദൗത്യത്തിലായിരുന്നു ലെഫ്. കേണല്‍ യോഗേഷ് കുമാര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സൈന്യം. ജൂണ്‍ 17-ഓടെ അവര്‍ പോയിന്‍റെ 5140-ന് അടുത്ത് എത്തി.  
സമുദ്രനിരപ്പില്‍ നിന്നും 16,962 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോയിന്‍റ് 5140 എന്ന മലമേഖലയായിരുന്നു അവര്‍ക്ക് അടുത്തതായി കീഴടക്കേണ്ടിയിരുന്നത്.

 ത്രാസ് സബ് സെക്ടറിലെ പ്രധാന ഇടമായ ഇവിടം പിടിച്ചെടുത്താല്‍ തുടര്‍ന്നുള്ള സൈനിക മുന്നേറ്റത്തില്‍ എളുപ്പമാക്കും. എന്നാല്‍ ഇതിനോടകം പോയിന്‍റ് 51400-ന്‍റെ ഏഴോളം ഭാഗങ്ങളില്‍ പാക് സൈന്യവും പരിശീലനം കിട്ടിയ തീവ്രവാദികളും മറഞ്ഞിരിക്കുന്നതായി സൈന്യം മനസ്സിലാക്കി.
 പകല്‍ സമയത്തൊരു പോരാട്ടം നടന്നാല്‍ ഉയരത്തിലിരിക്കുന്ന ശത്രുക്കള്‍ക്ക് തങ്ങളെ എളുപ്പം ആക്രമിക്കാന്‍ സാധിക്കും എന്ന് തിരിച്ചറ‌ിഞ്ഞ യോഗേഷ് കുമാര്‍ ജോഷി ജൂലൈ 18-ന് സൂര്യനുദിക്കും മുന്‍പായി പോയിന്‍റ് 5140 പിടിച്ചെടുക്കാന്‍ തീരുമാനിച്ചു. 

ഇതിനായി ലെഫ്നന്‍റ് സജീവ് സിംഗ് ജാംവാളിന് കീഴിലുള്ള ബ്രാവോ കമ്പനി, ലെഫ്നന്‍റ് വിക്രം ബത്രയ്ക്ക് കീഴിലുള്ള ഡെല്‍റ്റ കമ്പനി എന്നിവരെ ചുമതലപ്പെടുത്തി. കിഴക്ക് ഭാഗത്ത് നിന്നും തെക്ക് ഭാഗത്തു നിന്നും മല കയറി മുകളിലെത്തി ആക്രമണം നടത്താനായിരുന്നു അവര്‍ക്ക് നല്‍കിയ നിര്‍ദേശം. പെപ്സി കമ്പനിയുടെ അന്നത്തെ പ്രശസ്തമായ പരസ്യവാചകം യെ ദില്‍ മാംഗേ മോര്‍... ആയിരുന്നു തന്‍റെ രഹസ്യകോഡായി ലെഫ്നന്‍റ് വിക്രം ബത്ര കമാന്‍ഡിംഗ് ഓഫീസര്‍ക്ക് നല്‍കിയത്. 

രാത്രി എട്ടരയോടെ മലയുടെ മുകളിലേക്ക് കയറാന്‍ ഇരുകമ്പനികളും തീരുമാനിച്ചു. രണ്ട് കമ്പനികളും മലകയറാന്‍ ആരംഭിച്ചതിന് പിന്നാലെ മുകളിലെ ശത്രുക്കളുടെ ബങ്കറുകള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം ആക്രമണം തുടങ്ങി. ശത്രുക്കളുടെ ശ്രദ്ധ തെറ്റിച്ച് രണ്ട് കമ്പനികൾക്കും മുകളിലേക്ക് വഴിയൊരുക്കുകയായിരുന്നു ലക്ഷ്യം. റോക്കറ്റ് ലോഞ്ചറുകളും ഗണുകളും വച്ചുള്ള ആക്രമണത്തിലൂടെ രാത്രി മുഴുവൻ ഇന്ത്യൻ സൈന്യം മലയ്ക്ക് മുകളിലിരുന്ന പാക് സൈന്യത്തെ വിറപ്പിച്ചു നിർത്തി.  

മുൻനിശ്ചയിച്ച പ്രകാരം പുലര്‍ച്ചെയോടെ ഇന്ത്യന്‍ സൈന്യം ആക്രമണം നിര്‍ത്തി. ഇതോടെ ബങ്കറുകളില്‍ ഒളിച്ചിരുന്ന പാക് സൈന്യം പുറത്തു വന്നു മല കയറി കൊണ്ടിരുന്ന ബ്രാവോ- ഡെല്‍റ്റ കമ്പനികള്‍ക്ക് നേരെ വെടിവെപ്പ് തുടങ്ങി. എതിരാളികളുടെ നൂറ് മീറ്റര്‍ ദൂരത്ത് തങ്ങളെത്തും വരെ ആക്രമണം തുടരാന്‍  സജീവ് ജാംവാളും വിക്രം ബത്രയും വയർലെസ് വഴി താഴെയുള്ള കമാന്‍ഡറോട് ആവശ്യപ്പെട്ടു.ഇതോടെ ഇന്ത്യന്‍ സൈന്യം വീണ്ടും ആക്രണം പുനരാരംഭിച്ചു. പുലര്‍ച്ച 3.30ഓടെ സജീവ് ജാംവാളിന്‍റെ ബ്രാവോ കമ്പനി അവരുടെ ലക്ഷ്യ സ്ഥാനത്ത് എത്തുകയും എതിരാളികളെ തുരത്തിയോടിക്കുകയും ചെയ്തു. 03.35ന് ദൗത്യം പൂര്‍ത്തിയാക്കിയതായി അദ്ദേഹം കമാന്‍ഡിംഗ് ഓഫീസറെ അറിയിച്ചു. 

അതേസമയം മറുവശത്ത് ശത്രുക്കളെ രക്ഷപ്പെടാന്‍ അനുവദിക്കാതെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ബത്രയുടെ ഡെല്‍റ്റ കമ്പനി. ശത്രുക്കളെ വശത്ത് നിന്നും സമീപിക്കാതെ പിന്നിലൂടെ ചെന്ന് ആക്രമിക്കുക എന്ന തന്ത്രമാണ് അദ്ദേഹം സ്വീകരിച്ചത്. ശത്രുക്കള്‍ക്ക് തിരിഞ്ഞോടാന്‍ ഒരവസരവും നല്‍കരുത് എന്നായിരുന്നു അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശം. പിറകിലൂടെ ശത്രു വരുമെന്ന് ഒരിക്കലും അവർ പ്രതീക്ഷിക്കില്ലെന്ന് ബത്രയ്ക്ക് അറിയാമായിരുന്നു. 

ശത്രുക്കളുടെ ബങ്കറുകള്‍ക്ക് നേരെ മൂന്ന് റോക്കറ്റുകള്‍ വിക്ഷേപിച്ച ബത്ര പാറക്കല്ലുകളില്‍ പിടിച്ചു തൂങ്ങി മുകളിലേക്ക് കേറി. എന്നാല്‍ ഈ സമയം മുകളില്‍ ഒളിച്ചിരുന്ന ശത്രുക്കള്‍ കഷ്ടിച്ച് നൂറ് മീറ്റർ അടുത്തുള്ള ബത്രയ്ക്കും സംഘത്തിനും നേരെ വെടിവെപ്പ് ആരംഭിച്ചു. അഞ്ച് പേരടങ്ങിയ ഡെല്‍റ്റാ കമ്പനിയുമായി മുകളിലേക്ക് നീങ്ങുകയായിരുന്ന ബത്ര വെടിവെപ്പിനെ മറികടന്ന് ഞൊടിയിട നേരത്തില്‍ മലയുടെ മുകളിലേക്കെത്തി. തുടര്‍ന്ന് ശത്രുക്കളുടെ സ്ഥാനം തിരിച്ചറിഞ്ഞ് അവിടേക്ക് രണ്ട് ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞു. പെട്ടെന്നുള്ള സ്ഫോടനത്തില്‍ ശത്രുക്കള്‍ ഏതാനും നിമിഷത്തേക്ക് സബ്ധരായി നിന്നു. ഈ സമയം കൊണ്ട് ഇവര്‍ക്ക് അരികിലേക്ക് എത്തിയ ബത്ര ബങ്കറിന് സമീപം ഒളിച്ചിരുന്ന മൂന്ന് പേരെയും ഒറ്റയ്ക്ക് വധിച്ചു. 

ശത്രുക്കളുടെ ആക്രമണത്തില്‍ ബത്രയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ ആത്മധൈര്യത്തോടെ തന്‍റെ ടീമിനെ നയിച്ച ബത്ര പോയിന്‍റെ 5140യില്‍ അവശേഷിച്ചവരെ കൂടി തുരത്തി ഓടിക്കുകയും ചിലരെ വധിക്കുകയോ ചെയ്തു. ആകെ എട്ട് നുഴഞ്ഞു കയറ്റക്കാരെ ബത്രയും അദ്ദേഹത്തിന്‍റെ അഞ്ചംഗ ഡെല്‍റ്റ സംഘവും ചേര്‍ന്ന് വകവരുത്തി. ശത്രുക്കളുടെ കൈവശമുള്ള വന്‍ ആയുധശേഖരവും ഇവര്‍ പിടിച്ചെടുത്തു. ഡെല്‍റ്റ-ബ്രാവോ ടീമിലെ ഒരാള്‍ക്കും ഓപ്പറേഷനില്‍ ജീവന്‍ നഷ്ടമായില്ല. ഒരു രാത്രി മുഴുവന്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ പുലര്‍ച്ചെ 04.30 ന് താഴെ കാത്തു നിന്ന കമാന്‍ഡിംഗ് ഓഫീസര്‍ക്ക് വിജയസൂചകമായി തന്‍റെ കോഡ് ബത്ര വയർലസിലൂടെ പാസ് ചെയ്തു... യെ ദില്‍ മാംഗേ മോര്‍....

 

Follow Us:
Download App:
  • android
  • ios