ദില്ലി: ഇന്ത്യയിൽ കൊവിഡ്  വാക്സിന് അടിയന്തര ഉപയോ​ഗത്തിന് അനുമതി നിഷേധിച്ചെന്ന റിപ്പോർട്ട് തളളി ആരോഗ്യ മന്ത്രാലയം. പ്രചരിക്കുന്ന വിവരം അടിസ്ഥാനരഹിതമാണെന്നും വിഷയത്തിൽ അന്തിമ തീരുമാനമായില്ലെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. 

സെറം ഇന്‍സ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും സമര്‍പ്പിച്ച അപേക്ഷകളില്‍ ഇന്ന് വിദഗ്ധ സമിതി കൂടുതല്‍ വിവരങ്ങള്‍ തേടിയിരുന്നു. ഉപയോഗാനുമതി തേടി അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ സമിതി ഇന്ന് പരിഗണിച്ചതുമില്ല. അഞ്ച് മണിക്കൂറോളം നീണ്ട വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭാരത് ബയോടെക്ക്,  സെറം ഇന്‍സ്റ്റിററ്യൂട്ട് എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ വിദഗ്ധ സമിതി കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞത്. സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് തേടിയ കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കമ്പനികള്‍ക്ക് മറുപടി നല്‍കാനായില്ല. 

കൊവാക്സിന്‍റെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണ് ഭാരത് ബയോടെക്ക് ഹാജരാക്കിയത്. മൂന്നാം ഘട്ട പരീക്ഷണത്തിലുള്ളവാക്സിന്‍റെ ഫലപ്രാപ്തിയെന്തായിരിക്കുമെന്ന് വിശദീകരിക്കാന്‍ ബയോടെക്ക് കൂടുതല്‍ സമയം തേടി. ബ്രിട്ടണില്‍ നടന്ന കൊവിഷീല്‍ഡിന്‍റെ പരീക്ഷണത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാന്‍ സെരം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും ആവശ്യപ്പട്ടു. വിശദാംശങ്ങള്‍ രേഖാമൂലം  നല്‍കാന്‍ വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചു. വാക്സിന്‍ വിശദാംശങ്ങള്‍ അവതരിപ്പിക്കാന്‍ അമേരിക്കയില്‍ നിന്നുള്ള വിദഗ്ധര്‍ക്ക് എത്താന്‍ കഴിയാത്തതിനാല്‍ ഫൈസറിന്‍റെ അപേക്ഷ ഇന്ന്  പരിഗണിച്ചില്ലെന്നാണ് വിവരം. എന്നാല്‍ ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നും പല ഘട്ടങ്ങളിലൂടെയുള്ള വിലയിരുത്തലുകള്‍ക്ക് ശേഷമേ അനുമതി ലഭിക്കുകയുള്ളൂവെന്നുമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രതികരണം. 

അതേ സമയം,  ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, ശുചീകരണ തൊഴിലാളികള്‍ അടക്കമുള്ള രണ്ട് കോടി കൊവിഡ് മുന്നണി പോരാളികള്‍, അന്‍പത് വയസിന് താഴെയും മുകളിലുമായി 27 കോടി പേര്‍ എന്നിവര്‍ക്ക് ഒരേ സമയം വാക്സിന്‍ നല്‍കാമെന്ന വിദഗ്ധസമിതി റിപ്പോര്‍ട്ട് ആരോഗ്യമന്ത്രാലയം കേന്ദ്രത്തിന് കൈമാറി. കൊവിഡ് വാക്സിന്‍റെ മൂന്ന് കോടി ഡോസുകള്‍ സംഭരിക്കാനുള്ള ക്രമീകരണങ്ങള്‍ ഇപ്പോള്‍ രാജ്യത്ത്  സജ്ജമാണെന്നും  ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.