പാകിസ്ഥാനിലെ കര്‍താര്‍പുര്‍ ഗുരുദ്വാര ദർബാർ സാഹിബും ഇന്ത്യയിലെ ഗുരുദാസ്പൂരും തമ്മിൽ ബന്ധിപ്പിക്കുന്ന കർതാർപൂർ ഇടനാളി നാളെ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ചരിത്രം കുറിക്കുന്ന ആ ഉദ്ഘാടന ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനായി ഇന്ത്യയില്‍ നിന്നും നാല്പത് മാധ്യമപ്രവര്‍ത്തകര്‍ വാഗ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തി. ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പടെ ഇരുപത്തഞ്ച് മാധ്യമങ്ങളുടെ പ്രതിനിധികൾ ആണ് സംഘത്തിലുള്ളത്. ചരിത്രമായ കർത്താർപൂർ ഇടനാഴി ഉദ്ഘാടനം നേരിൽ കണ്ട് റിപ്പോർട്ട് ചെയ്ത ഏക മലയാള മാധ്യമമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ്. ഞങ്ങളുടെ റീജ്യണൽ എഡിറ്റർ പ്രശാന്ത് രഘുവംശം  പാകിസ്ഥാനില്‍ നിന്ന്  എഴുതുന്ന കുറിപ്പ്... 

ഇന്ത്യാ പാകിസ്ഥാൻ സംഘർഷം ഫെബ്രുവരിയിൽ ഒരു യുദ്ധത്തിൻറെ വക്കിലെത്തി. പുൽവാമയിലെ ഭീകരാക്രമണത്തിനു ശേഷമുള്ള ആ സാഹചര്യം ഇരു രാജ്യങ്ങളും മറികടന്നു. വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പാകിസ്ഥാൻ വാഗാ അതിർത്തി വഴി മോചിപ്പിച്ചതോടെ ഏറ്റുമുട്ടൽ ഒഴിവായി. വിംഗ് കമാൻഡർ അഭിനന്ദൻ  അന്ന് തിരിച്ചിറങ്ങിയ വാഗ അതിർത്തിയിലെ ആ ഗേറ്റ് വഴിയാണ് ഇന്ന് ഇന്ത്യയിലെ മാധ്യമപ്രവർത്തകർ പാകിസ്ഥാനിലേക്ക് കയറിയത്. നാല്പത് ഇന്ത്യൻ മാധ്യമപ്രവർത്തകരാണ് പാകിസ്ഥാനിൽ എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പടെ ഇരുപത്തഞ്ച് മാധ്യമങ്ങളുടെ പ്രതിനിധികൾ.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് അട്ടാരിയിലെ ഇൻറഗ്രേറ്റഡ് ചെക്ക് പോസ്റ്റിൽ എത്തി. ചെക്ക് പോസ്റ്റിൽ കഴിഞ്ഞ മൂന്ന് നാല് ദിവസമായി നല്ല തിരക്കാണ്. കർതാർപൂരിലേക്കും ഗുരുനാനക് ജനിച്ച നൻകാന സാഹിബിലേക്കും പോകുന്ന തീർത്ഥാടകർ. മാധ്യമപ്രവർത്തകർക്കു പുറമെ സിഖ് തീർത്ഥാടകരെ മാത്രമാണ് വാഗയിൽ കണ്ടത്. തീർത്ഥാടകരെല്ലാം മറ്റു രാജ്യങ്ങളുടെ പാസ്പോർട്ട് ഉള്ളവർ. അമേരിക്ക, കാനഡ, യുകെ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലെ പാസ്പോർട്ട് ഉള്ളവർ. ഇന്ത്യയിൽ നിന്ന് പോയി പല രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചവർ. അവർക്ക് പൗരത്വം ഉള്ള രാജ്യങ്ങളിലെ പാക് നയതന്ത്രകാര്യാലയത്തിൽ നിന്ന് വിസ കിട്ടും. ഇന്ത്യയിലെത്തി ഈ പാക് വിസ കാണിച്ച് വാഗ വഴി പാകിസ്ഥാനിലേക്ക് പോകുന്നു. സിഖ് തീർത്ഥാടനകേന്ദ്രങ്ങൾ സന്ദർശിച്ച് വാഗ വഴി തന്നെ മടങ്ങും.

ചെക്ക്പോസ്റ്റിൽ ഒരിന്ത്യൻ ഉദ്യോഗസ്ഥൻ നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാൻ സഹായിച്ചു. കാര്യമായ സൗകര്യങ്ങൾ ടെർമിനലിൽ ഇല്ല. ഫ്ളെമിംഗോ നടത്തുന്ന ഒരു ചെറിയ ഡ്യൂട്ടി ഫ്രീ ഷോപ്പുണ്ട്. പാകിസ്ഥാനിലേക്ക് ‘ഗുട്ക’ കൊണ്ടു പോകുന്നത് നിരോധിച്ചിരിക്കുന്നു എന്ന് ബോർഡ് കണ്ടു. ചെക്ക്പോസ്റ്റിൽ ഏറ്റവും അവസാന പോയിൻറിലെത്തിയപ്പോൾ ഒരു മലയാളി ബിഎസ്എഫ് ഉദ്യോഗസ്ഥൻ. ചേർത്തല സ്വദേശിയാണ്. നാട്ടിലെ വാർത്തകളെല്ലാം അറിയാം. ചെക്ക് പോസ്റ്റിൽ കുറെ നാളുകൾക്ക് ശേഷമാണ് തിരക്ക്. പാകിസ്ഥാൻ ഇന്ത്യയുമായുള്ള വ്യാപാരവും നിറുത്തിയതോടെ ഇപ്പോൾ ട്രക്കുകളും പരിശോധനയ്ക്ക് എത്തുന്നില്ല. അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് ഡ്രൈഫ്രൂട്ട്സുമായി എത്തിയ ഒരു ട്രക്ക് മാത്രം കണ്ടു.

"

അട്ടാരി ചെക്ക് പോസ്റ്റിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തിറങ്ങിയാൽ ചെറിയൊരു ബസിലാകും വാഗ അതിർത്തിയിൽ എത്തിക്കുക. രണ്ട് ബസാണ് ഇതിനുള്ളത്. നല്ല തിരക്കാവുമ്പോൾ ബസ് കിട്ടാൻ അരമണിക്കൂറിലധികം കാത്തിരിക്കണം. ബസിൽ അഞ്ചുമിനിറ്റ് മാത്രം യാത്ര. സിഖ്മത വിശ്വാസികൾ ആ സമയവും പ്രാർത്ഥന മുടക്കുന്നുണ്ടായിരുന്നില്ല. ബസ് ചെന്ന് നില്ക്കുന്നത് വാഗയിൽ പതാകതാഴ്ത്തൽ ചടങ്ങ് നടക്കുന്നിടത്ത്. നാലുമണി വരെ മാത്രമേ അതിർത്തി വഴിയുള്ള യാത്ര അനുവദിക്കൂ. അത് കഴിഞ്ഞാൽ ചടങ്ങിനുള്ള സമയമാകും. ഇന്ത്യയുടെ ഗേറ്റ് കടന്ന് നോമാൻസ് ലാൻഡിലൂടെ പാകിസ്ഥാൻറെ ഗേറ്റിലെത്തി. വിസ പാകിസ്ഥാൻ റേഞ്ചേഴ്സിൻറെ സൈനികർ പരിശോധിച്ചു. പിന്നീട് ഗേറ്റ് കടന്ന് ഉള്ളിലേക്ക്. 

അവിടെ പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയത്തിൻറെ പ്രതിനിധികൾ കാത്തുനില്പുണ്ടായിരുന്നു. പാകിസ്ഥാനിലെ ചെക്ക് പോസ്റ്റിലേക്ക് നടന്നെത്താം. ബസിൻറെ ആവശ്യമില്ല. അതിർത്തി കടന്ന് എത്തുന്നവരുടെ ലഗേജ് എടുക്കാൻ നിരവധി പോർട്ടർമാരെ കണ്ടു. യാത്രക്കാരോട് ബാഗുകൾ നല്കാൻ അഭ്യർത്ഥിക്കുന്നു. പാകിസ്ഥാൻ വിദേശകാര്യ ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കി. രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ എല്ലാവരുടെയും ഫോട്ടോ എടുത്തു. പാസ്പോർട്ട് വിവരങ്ങളും പകർത്തി. ഷഹബാസ് എന്ന മുതിർന്ന ഉദ്യോഗസ്ഥനാണ് സഹായി. ഷഹബാസിനൊപ്പം ഒരു ബസിൽ കയറി. യാത്ര ഇനി 22 കിലോമീറ്റർ അകലെയുള്ള ലാഹോറിലേക്കാണ്.

പാകിസ്ഥാനിലെ റോഡുകൾക്കിരുവശത്തെയും കാഴ്ച പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കും സമാനം. റോഡുകൾ മികച്ചതാണ്. സൈനിക മേഖലകൾ പോകുന്ന വഴിക്ക് കണ്ടു. ഉദ്യോഗസ്ഥരുടെ മതിൽകെട്ടിയ വലിയ വീടുകൾ. നഗരം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. കനത്ത സുരക്ഷയിലാണ് യാത്ര. ബസിൻറെ മുന്നിലും പിന്നിലുമായി എട്ടു സുരക്ഷാ വാഹനങ്ങൾ. മൂന്നോ നാലോ ബൈക്കുകളിൽ പാകിസ്ഥാനിലെ ഡോൾഫിൻ എന്നറിയപ്പെടുന്ന പോലീസ് സേനയും. വാഹനവ്യൂഹം ഒരിടത്തും നില്ക്കാതിരിക്കാൻ ഇവർ ശ്രദ്ധിച്ചു. ഒടുവിൽ ലാഹോറിലെ പാർക്ക്ലയിൻ ഹോട്ടലിൽ. നല്ല സ്വീകരണം. ഹോട്ടലിനു ചുറ്റും വലിയ സുരക്ഷാ സന്നാഹം. സുരക്ഷാ നിർദ്ദേശങ്ങളുമായി ഉദ്യോഗസ്ഥരും. ഇന്ത്യാ പാക്ക് സംഘർഷത്തിൻറെ പിരിമുറുക്കമൊന്നും എന്നാൽ ലാഹോറിൽ കണ്ടില്ല

ലാഹോറിലെ ഫിർദോസ് മാർക്കറ്റിനും ഹുസൈൻ ചൗക്കിനും ഇടയിലാണ് പാർക്ക് ലെയിൻ ഹോട്ടൽ. പുറത്ത് വാഹനങ്ങളുടെ നീണ്ട നിര കണ്ടു. വലിയ പരസ്യബോർഡുകൾ മിന്നിതിളങ്ങുന്നു. ഇന്ത്യൻ സ്വാതന്ത്ര്യപോരാട്ടത്തിൽ നിർണ്ണായക പങ്കുണ്ട് ലാഹോറിന്. ഒരിക്കൽ സിഖ് സാമ്രാജ്യത്തിൻറെ തലസ്ഥാനം. ഇന്ന് പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരം. ഒപ്പം പുസ്തകപ്രസാധകരുടെ കേന്ദ്രമായ അക്ഷരനഗരി കൂടിയാണ് ലാഹോർ. ലാഹോറിൽ നിന്ന് ഇനി കർത്താർപൂരിലേക്ക്.