യുദ്ധഭൂമിയിലൂടെ ശത്രുവിന്റെ പാളയത്തിൽ കടന്നു കയറി നാശം വിതയ്ക്കുന്ന ടി90 ഭീഷ്മ ടാങ്ക്, നാഗ് മിസൈൽ സംവിധാനം, പിനാക മൾട്ടിപ്പിൾ ലോഞ്ചർ തുടങ്ങി അത്യാധുനിക കവച വാഹന സംവിധാനം വരെ പരേഡിൽ അണിനിരക്കും.
ദില്ലി: അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിന പരേഡിനുള്ള തയ്യാറെടുപ്പുകൾ ദില്ലിയിലെ കർത്തവ്യപഥിൽ പുരോഗമിക്കുകയാണ്. സൈനിക ശക്തിയുടെ ഭാഗമായി മിസൈൽ ലോഞ്ചർ മുതൽ യുദ്ധടാങ്കുകൾ വരെ പരേഡിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ കരസേന.
ചിട്ടയോടെയും അച്ചടക്കത്തോടെയുള്ള പരേഡ് മാത്രമല്ല, ഇന്ത്യൻ സൈന്യം സ്വായത്തമാക്കുന്ന സംവിധാനങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനുള്ള അവസരം കൂടിയാണ് ഒരോ റിപ്പബ്ലിക് ദിനവും. മൂന്ന് സേനകളും പുതുമയുള്ള കാഴ്ചകളുമായാണ് പഴയ രാജ് പഥ് ആയ കർത്തവ്യപഥിലേക്ക് എത്തുന്നത്. ഇക്കുറി ഇന്ത്യൻ കരസേന തദ്ദേശീയമായി നിർമ്മിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനായി എത്തിച്ചു കഴിഞ്ഞു. യുദ്ധഭൂമിയിലൂടെ ശത്രുവിന്റെ പാളയത്തിൽ കടന്നു കയറി നാശം വിതയ്ക്കുന്ന ടി90 ഭീഷ്മ ടാങ്ക്, നാഗ് മിസൈൽ സംവിധാനം, പിനാക മൾട്ടിപ്പിൾ ലോഞ്ചർ തുടങ്ങി അത്യാധുനിക കവച വാഹന സംവിധാനം വരെ പരേഡിൽ അണിനിരക്കും.
ശത്രുവിന്റെ സായുധ നീക്കങ്ങൾ മനസിലാക്കാൻ കഴിയുന്ന സ്വാതി റഡാർ സംവിധാനം, എംഎഫ് റഡാർ, പുതിയ ഡ്രോൺ ജാമറുകൾ എന്നിവയും ഇക്കുറി കർത്തവ്യപഥിൽ അണിനിരക്കും. കരസേനയുടെ എഞ്ചിനീയറിംഗ് യൂണിറ്റിന്റെ ഉപകരണങ്ങളും പ്രദർശനത്തിനായി എത്തിച്ചു. ഡിആർഡിഒ കരസേനയ്ക്കായി നിർമ്മിച്ച സർവത്ര് പാലവും ഇതിൽ ഉൾപ്പെടും. സേനയുടെ ആധുനികവൽക്കരണത്തിന് തദ്ദേശീയമായി നിർമ്മിച്ച വാഹനങ്ങളും ആയുധങ്ങളും പരേഡിനായി ഇത്തവണ എത്തിച്ചിട്ടുണ്ട്.

