റിപ്പബ്ലിക് ടിവി മാധ്യമപ്രവർത്തകർ സിജെപി വനിതാ അംഗത്തെ മർദിച്ചെന്ന് അഭിജീത് ദീപ്കെ ആരോപിച്ചു. വോട്ടർ പട്ടികയിലെ അപാകതകൾ ചൂണ്ടിക്കാട്ടി സിജെപി നടത്തുന്ന പ്രതിഷേധങ്ങൾക്കിടെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: റിപ്പബ്ലിക് ടിവി മാധ്യമപ്രവർത്തകർ സിജെപി അംഗത്തെ മർദിച്ചെന്ന ആരോപണവുമായി അഭിജീത് ദീപ്കെ. കൈമുട്ട് കൊണ്ട് വനിതാ അംഗത്തെ ഇടിച്ചെന്നും മർദിച്ചെന്നുമാണ് ആരോപണം. മാധ്യമപ്രവർത്തകർ എന്ന വ്യാജേനെ ഗുണ്ടകൾ റിപ്പബ്ലിക് ടിവി എത്തിക്കുന്നുവെന്നും ഇതാണ് അവരുടെ നിലവാരമെന്നും ദീപ്കെ ആരോപിച്ചു. കഴിഞ്ഞദിവസം നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് സംഭവം.
തനിക്കെതിരെ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണമുണ്ടെന്നും ദില്ലി പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തേക്കാമെന്നും അഭിജീത് ദീപ്കെ ആരോപിച്ചു. കോക്ക്റോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത 'തിരംഗ മാർച്ച്' നടക്കാനിരിക്കെയാണ് ആരോപണം. വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം തുടരുന്നത്.
നരേന്ദ്ര മോദിയുടെ റാലിയിൽ ത്രിവർണ്ണ പതാക വീശിയാൽ ആ റാലി റദ്ദാക്കുമോ എന്ന് ചോദിച്ച അഭിജീത് ദീപ്കെ, ദേശീയ പതാക വീശുന്നത് തടയുന്ന ഡൽഹി പൊലീസ് നിലപാടിനെ ശക്തമായി വിമർശിച്ചു. ദേശീയ പതാക ഉയർത്തുന്നവരെയും വഹിക്കുന്നവരെയും അറസ്റ്റ് ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്ത അദ്ദേഹം, സർക്കാരിന്റെ ഇത്തരം നീക്കങ്ങളെ രൂക്ഷമായി അപലപിച്ചു
