ദില്ലി: അസമില്‍ മാത്രം നടപ്പാക്കിയ എൻ.ആർ.സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) രാജ്യവ്യാപകമായി  നടപ്പാക്കുന്നതിനെ ക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററും(NRC),ദേശീയ ജനസംഖ്യ രജിസ്റ്ററും (NPR) തമ്മിൽ ബന്ധമില്ലെന്നും രണ്ടും രണ്ടാണെന്നും അമിത് ഷാ വ്യക്തമാക്കി. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയുമായി സംസാരിക്കുകയായിരുന്നു അമിത് ഷാ. 

ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട സെന്‍സസ് നടപടികള്‍ കേരളവും ബംഗാളും നിര്‍ത്തിവച്ചിരിക്കുകയാണ്. എന്‍പിആര്‍ എന്നത് എന്‍ഡിഎ സര്‍ക്കാരല്ല യുപിഎ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ്. ഇതുമായി സഹകരിക്കില്ലെന്ന തീരുമാനം പുനപരിശോധിക്കണമെന്ന് കേരള-ബംഗാള്‍ മുഖ്യമന്ത്രിമാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ക്ഷേമപദ്ധതികള്‍ നടപ്പാക്കുക. ഇരുസംസ്ഥാനങ്ങളിലേയും പാവപ്പെട്ട ജനങ്ങള്‍ക്ക് കിട്ടേണ്ട അര്‍ഹമായ സഹായം നിഷേധിക്കുന്നതിനാവും ഈ തീരുമാനം വഴിവയ്ക്കുക. എന്‍പിആറില്‍ കേരളവും ബംഗാളും രാഷ്ട്രീയം ഉപേക്ഷിക്കണം. 

എന്‍ആര്‍സിയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്.  എൻആർസി സംബന്ധിച്ച് പാർലമെന്‍റിലോ മന്ത്രിസഭയിലോ ചർച്ചകളൊന്നും നടത്തിയിട്ടില്ല. എന്‍പിആര്‍ വിഭാവന ചെയ്തത് യുപിഎ സര്‍ക്കാരാണ്. എന്‍പിആറിനും എന്‍സിആറിനും വ്യത്യസ്ത പ്രക്രിയകളാണുള്ളത്. ഞാൻ ഉറപ്പ് നൽകുന്നു ഇത് രണ്ടും തമ്മിൽ ബന്ധമില്ല. എൻ പി ആർ വിവരങ്ങൾ ശേഖരിക്കുന്നത് എൻസിആറിനായിട്ടല്ല. ക്ഷേമപദ്ധതികൾക്കുള്ള ആധാരമാണ് എൻ പി ആർ. 


പൗരത്വ ഭേദഗതി പൗരത്വം ഇല്ലാതെയാക്കാനല്ല. പൗരത്വം നല്‍കാനാണ്. പ്രതിപക്ഷം എൻ പി ആറിനെതിരെ ജനങ്ങളില്‍ ഭയം സൃഷ്ടിക്കുകയാണ്. അവര്‍ അതില്‍ രാഷ്ട്രീയം കളിക്കുന്നു. ഇതിന്റെ പേരിൽ സംഘർഷം ഉണ്ടാക്കുന്നത് ഗൂഢലക്ഷ്യക്കാരാണ്. എന്‍പിആറുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍ത്തിവയ്ക്കരുത് എന്ന് മുഖ്യമന്ത്രിമാരോട് അഭ്യര്‍ത്ഥിക്കുകയാണ്. 

എന്‍പിആര്‍ വഴി അന്തര്‍സംസ്ഥാന കുടിയേറ്റം സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കും. മുഖ്യമന്ത്രിമാരോട് ആഭ്യർത്ഥിക്കുന്നു എൻ പിആറിന്റെ ജോലികൾ നിർത്തിവെക്കരുത്. ന്യൂനപക്ഷങ്ങൾ എൻ പി ആറിനെ ഭയക്കേണ്ടതില്ല. രാജ്യത്തെ ജനങ്ങളെ ഇതു സംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. എല്ലാ മുഖ്യമന്ത്രിമാരോടും കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച് ചർച്ച നടത്തും.

ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ ലാഭത്തിനായുള്ള പ്രതിഷേധങ്ങളാണ്. തടങ്കൽ കേന്ദ്രങ്ങളും എൻആർസിയും തമ്മിൽ ബന്ധമില്ല. തടങ്കൽ കേന്ദ്രങ്ങൾ തുടർ പ്രക്രിയയുടെ ഭാഗമാണ്. അനധികൃത കുടിയേറ്റക്കാർക്കായിട്ടാണിത്. കർണാടകത്തിൽ തടങ്കൾ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.  പ്രതിഷേധങ്ങൾക്ക് എതിരെയുള്ള പൊലീസ് നടപടിയെ ന്യായീകരിച്ച അമിത് ഷാ സംഘർഷമുണ്ടാക്കുന്നവർക്കെതിരെ നടപടി എടുക്കേണ്ടയെന്നും ചോദിച്ചു.