Asianet News MalayalamAsianet News Malayalam

സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി

ഒബിസി വിഭാഗങ്ങള്‍ക്ക് 50 ശതമാനം സംവരണം നീക്കിവെക്കാതെ യുജി, പിജി മെഡിക്കല്‍ കോഴ്‌സിലേക്ക് പ്രവേശനം നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
 

reservation is not fundamental right; Says Supreme court
Author
New Delhi, First Published Jun 11, 2020, 5:26 PM IST

ദില്ലി: സംവരണം മൗലികാവകാശമല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം ഒബിസി ക്വാട്ട നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക പരാമര്‍ശം. ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. ഹര്‍ജി പിന്‍വലിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്‍കി. 

സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് മൗലികാവകാശ ലംഘനമായി കാണാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്. സിപിഎം, ഡിഎംകെ, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒബിസി വിഭാഗങ്ങള്‍ക്ക് 50 ശതമാനം സംവരണം നീക്കിവെക്കാതെ യുജി, പിജി മെഡിക്കല്‍ കോഴ്‌സിലേക്ക് പ്രവേശനം നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

തമിഴ്‌നാട് സംസ്ഥാന നിയമ പ്രകാരം 50 ശതമാനം സീറ്റുകള്‍ ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണം. ഒബിസി വിഭാഗക്കാര്‍ക്ക് സംവരണം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. സംവരണം നല്‍കുന്നതുവരെ നീറ്റ് പ്രകാരമുള്ള പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടുകാരുടെ മൗലികാവകാശത്തില്‍ മാത്രമാണ് ഹര്‍ജിക്കാരുടെ താല്‍പര്യമെന്നും സംവരണ നിഷേധം മൗലികാവകാശ ലംഘനമായി കാണാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios