ദില്ലി: റിപ്പബ്ലിക് പരേഡിനിടെയുള്ള പ്രതിഷേധങ്ങൾ തടയാൻ നിയന്ത്രണങ്ങൾ. പരേ‍ഡ് കാണാനെത്തുന്നവർ കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. കറുത്ത തൊപ്പി, ഷാൾ എന്നിവ ധരിച്ചെത്തിയവരോട് അത് ഒഴിവാക്കുവാൻ സുരക്ഷ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ. കനത്ത സുരക്ഷയാണ് ദില്ലിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 

സാധാരണ പരേഡ് കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്ന് നീങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്യാറുണ്ട് ആ സമയത്ത് പ്രതിഷേധങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ നിയന്ത്രണങ്ങൾ ഏ‌ർപ്പെടുത്തിയിട്ടുണ്ട്. 9 മണിയോടെ രാജ്പഥിൽ റിപ്പബ്ലിക് ദിന ചടങ്ങുകൾ തുടങ്ങും.  ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോ ആണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥി. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീലിയൻ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥി ആയി എത്തുന്നത്. 

ദേശീയ യുദ്ധസ്മാരകത്തിൽ വീരസൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അര്‍പ്പിക്കുന്നതോടെയാണ് 71-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് തുടക്കമാവുക. 90 മിനിറ്റ് നീണ്ടുനിൽക്കുന്ന പരേഡ് ഇത്തവണ ലെഫ്. ജനറൽ അസിത് മിസ്ത്രി നയിക്കും. സൈനിക കരുത്ത് അറിയിക്കുന്നവയായിരിക്കും പ്രകടനങ്ങൾ. വായുസേനയുടെ പുതിയ ചിന്നുക്ക് , അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഒരുക്കുന്ന ആകാശ കാഴ്ചകളും ഉണ്ടാകും. സാംസ്കാരിക വൈവിധ്യങ്ങളുമായി വിവിധ സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകളും രാജ്പഥിലൂടെ കടന്നുപോകും. 

ആശയപരമായ എതിര്‍പ്പുകൾ അക്രമത്തിന്‍റെ പാതയിലേക്ക് പോകരുതെന്നായിരുന്നു റിപ്പബ്ളിക് ദിനത്തിൽ രാഷ്ട്രപതി രാംനാഥ് കേവിന്ദിന്‍റെ സന്ദേശം. മൻകി ബാത്തിലൂടെ പ്രധാനന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടമാണ് രാജ്യത്തുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രതികരിച്ചു.