വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രഞ്ജൻ റേയുടെ ഭാര്യ തനൂജയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കവർച്ചാ ശ്രമത്തിനിടെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും വീട്ടുജോലിക്കാരിയുടെ സഹായത്തോടെ എത്തിയ സംഘമാണ് ഇതിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.
ഹൈദരാബാദ്: വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രഞ്ജൻ റേയുടെ ഭാര്യ തനൂജയെ (55) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കവർച്ചാശ്രമത്തിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ തനൂജ കൊല്ലപ്പെട്ടത്. വീടിന്റെ ഒന്നാം നിലയിലാണ് തനൂജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയത്ത് ഇവരുടെ മക്കൾ വീടിന്റെ മുകളിലത്തെ നിലയിൽ ഉറക്കത്തിലായിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രശാസൻ നഗറിലാണ് സംഭവം. ആന്ധ്ര കേഡറിലെ ഐപിഎസ് ഓഫീസറായിരുന്നു വിനയ് രഞ്ജൻ 2019ൽ ജയിൽ ഡിജിപി ആയിട്ടാണ് വിരമിച്ചത്.

പുലർച്ചെ ഏകദേശം രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് കരുതുന്നു. വീട്ടിലെ വീട്ടുജോലിക്കാരിയുടെ സഹായത്തോടെ എത്തിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണിതെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണർ വി സി സജ്ജനാർ അറിയിച്ചു. കവർച്ചാ സംഘം തനൂജയെ കെട്ടിയിടുകയും വായിൽ തുണി തിരുകുകയും ചെയ്തു. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. രാവിലെ ഒൻപത് മണിയായിട്ടും അമ്മയെ കാണാതിരുന്നതോടെയാണ് മകൾ വന്നുനോക്കിയത്. മുകളിലെത്തെ മുറിയിലായിരുന്ന മകൾ അതുവരെ ഒന്നും അറിഞ്ഞിരുന്നില്ല.
വീട്ടുജോലിക്കാരി കൽപ്പനയും നേപ്പാൾ സ്വദേശികളായ നാലംഗ സംഘവുമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിനയ് രഞ്ജൻ സ്ഥലത്തില്ലെന്നറിഞ്ഞാണ് പ്രതികൾ മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ അദ്ദേഹം ബെംഗളൂരുവിലായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കളുമായി സംഘം കടന്നുകളഞ്ഞു. നിലവിൽ സംഘം ഒളിവിലാണ്.
വിനയ് രഞ്ജൻറെ അമ്മയെ പരിചരിക്കുന്നതിനാണ് കൽപ്പനയെ ഒരു വർഷം മുമ്പ് ജോലിക്ക് നിയോഗിച്ചത്. വീടിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്ന കൽപ്പന സംഘത്തിന് വഴി കാട്ടുകയായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. സംഭവ സ്ഥലത്തുനിന്ന് നിർണ്ണായക തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അധികൃതർ വ്യക്തമാക്കി. വിവരമറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഡിജിപി സി വി ആനന്ദ്, ഹൈദരാബാദ് സിപി വിസി സജ്ജനാർ, എഡിജിപി മഹേഷ് ഭാഗവത് തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഊർജിതമായ അന്വേഷണം നടന്നുവരികയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്. നഗരമധ്യത്തിൽ നടന്ന ക്രൂരകൊലപാതകം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.


