ഇതാണ് ഇന്ത്യൻ ആർമി, ഐക്യവും വൈവിധ്യവും വിവരിച്ച് റിട്ട. മേജർ ജനറൽ മൻദീപ് സിങ്, പോസ്റ്റ് വൈറൽ
പോസ്റ്റ് പങ്കുവച്ചുകൊണ്ട് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്
ബെംഗളൂരു: രാജ്യത്തെ സൈന്യത്തിന്റെ വൈവിധ്യത്തെക്കുറിച്ച് റിട്ടയേർഡ് മേജർ ജനറൽ മൻദീപ് സിങിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് വൈറലായി. ഇന്ത്യൻ സൈന്യത്തിൻ്റെ ഐക്യവും വൈവിധ്യവും ഉൾക്കൊള്ളുന്ന പോസ്റ്റാണ് ചിത്രങ്ങൾ സഹിതം മൻദീപ് സിംങ് പങ്കുവച്ചത്. പോസ്റ്റിൽ അദ്ദേഹം തന്റെ ദക്ഷിണേന്ത്യൻ റെജിമെൻ്റിലെ കാലം അനുസ്മരിച്ചു. "തമ്പി" റെജിമെൻ്റ് എന്നാണ് അദ്ദേഹം ആ കാലത്തെ വിശേഷിപ്പിച്ചത്.
പരമ്പരാഗത ദക്ഷിണേന്ത്യൻ പാചകരീതികൾ ആസ്വദിച്ചതും ഓണം മുതൽ ദീപാവലി വരെയുള്ള ഉത്സവങ്ങൾ ആവേശത്തോടെ ആഘോഷിച്ചതും പ്രാദേശിക വ്യത്യാസങ്ങൾക്കതീതമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതായും അദ്ദേഹം ഓർമിച്ചു. ചായയ്ക്ക് പകരം രസം ആസ്വദിച്ചു, സാമ്പാറും ബട്ടർ ചിക്കനും കൂട്ടി ചോറ് കഴിച്ചു, സന്യാസിയോടൊപ്പം കള്ള് കുടിച്ചു, ഓണമോ പൊങ്കലോ ഗണപതിയോ ഹോളിയോ ദീപാവലിയോ ക്രിസ്തുമസോ എല്ലാം ആഘോഷമാക്കിയിരുന്നതായും അദ്ദേഹം എക്‌സിൽ കുറിച്ചു.
When you lived your life in a South Indian ( thambhi) Regiment, enjoyed rasam instead of tea, had rice with sambar & butter chicken, drank toddy with the Monk & celebrated Onam or Pongal or Ganesha or Holi or Deepavali or Christmas with the same gusto.... You know it is the… pic.twitter.com/fz7qFnYlt6
— Maj Gen (Dr) Mandip Singh (@Kutch2Kibithu) August 30, 2024
വിരമിച്ച ഉദ്യോഗസ്ഥൻ റെജിമെൻ്റിൻ്റെ വാർഷിക റൈസിംഗ് ഡേയിൽ പങ്കെടുത്തതിൻ്റെ അനുഭവവും പങ്കുവെച്ചു. മലയാളികളുടെ മുണ്ടും ഷർട്ടും വേഷം ധരിച്ചാണ് അദ്ദേഹമെത്തിയത്. കാശ്മീർ മുതൽ കന്യാകുമാരി വരെയും കച്ച് മുതൽ കിബിത്തു വരെയുമുള്ള സൈനികർ ഒന്നായി നിൽക്കുന്ന ഇന്ത്യൻ സൈന്യത്തെ മനോഹരമായി ചിത്രീകരിക്കുന്നതാണ് മേജർ ജനറൽ സിങ്ങിൻ്റെ പോസ്റ്റെന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു. പോസ്റ്റ് പങ്കുവച്ചുകൊണ്ട് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി.