മുംബൈ: ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ജനശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹർജിയെന്ന് ജഡ്ജിമാരായ ശശി കാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിലയിരുത്തി. പിന്നാലെ കേടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് ഹർജിക്കാരന് 25,000 രൂപയും കോടതി പിഴ വിധിച്ചു.

വരണാസി സ്വദേശിയായ നാഗേശ്വര്‍ മിശ്രയാണ് കനയ്യ കുമാറിനെതിരെ കോടതിയെ സമീപിച്ചത്. 2016ല്‍ കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന സമ്മേളനത്തിൽ ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇയാൾ രം​ഗത്തെത്തിയത്. സംഭവത്തിൽ കനയ്യ കുമാറിന്റെ പൗരത്വം എടുത്തുകളയാൻ കേന്ദ്രത്തിന് കോടതി നിര്‍ദേശം നൽകണമെന്നായിരുന്നു ആവശ്യം.

1955 ഇന്ത്യന്‍ പൗരത്വ നിയമത്തിലെ പത്താം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് മിശ്രയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്‌. എന്നാല്‍, ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൗരത്വം നല്‍കുന്ന സൗഹചര്യത്തില്‍ മാത്രമാണ് ഈ വകുപ്പ് ബാധകമെന്നും ജനനം മുതൽ ഇന്ത്യക്കാരനായ ഒരാള്‍ക്ക് ഇത് ബാധകമല്ലെന്നും കോടതി വിലയിരുത്തി.