എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ രാജി ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ രംഗത്ത്. ഇപിഎസിന്റെ നേതൃത്വത്തിൽ പാർട്ടി തുടർച്ചയായി 11 തോൽവികൾ നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രി എസ് പി വേലുമണിയാണ് രാജി ആവശ്യപ്പെട്ടത്. നേതൃത്വത്തിന്റെ കഴിവുകേടാണ് പരാജയത്തിന് കാരണമെന്ന് ആരോപിച്ച് നേതാക്കൾ ഇപിഎസിനെതിരെ കുറ്റപത്രവും പുറത്തിറക്കി

ചെന്നൈ: ടി വി കെ അധ്യക്ഷൻ വിജയ്‌യെ മുഖ്യമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഗവർണർ പുറത്തിറക്കിയതിന് പിന്നാലെ എ ഐ എ ഡി എം കെയിൽ പൊട്ടിത്തെറിയും കലാപവും. മുൻ മുഖ്യമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ പളനിസ്വാമിക്കെതിരെ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തി. ഇ പി എസിന്റെ നേതൃത്വത്തിൽ പാർട്ടി നേരിട്ട തുടർച്ചയായ തോൽവികൾ ചൂണ്ടിക്കാട്ടി മുൻ മന്ത്രി എസ് പി വേലുമണി ഉൾപ്പെടെയുള്ളവർ ഇ പി എസിന്റെ രാജി ആവശ്യപ്പെട്ടു. ഇ പി എസിന്റെ നേതൃത്വത്തിന് കീഴിൽ പാർട്ടിക്ക് പതിനൊന്ന് തോൽവികൾ ഉണ്ടായെന്നും നേതൃത്വം പൂർണ്ണ പരാജയമാണെന്നുമാണ് വിമർശനം. തെരഞ്ഞെടുപ്പിൽ പണം കൃത്യമായി വിനിയോഗിച്ചില്ലെന്നും വലിയ സഖ്യം രൂപീകരിക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടി നേതാക്കൾ ഇ പി എസിനെതിരെ നേതാക്കൾ കുറ്റപത്രവും പുറത്തിറക്കി. പരാജയത്തിന് കാരണം നേതൃത്വത്തിന്റെ കഴിവുകേടാണെന്നും അതിനാൽ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പളനിസ്വാമി ഒഴിയണമെന്നും വേലുമണി ആവശ്യപ്പെട്ടു. ഇതോടെ എ ഐ എ ഡി എം കെയിൽ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

സർക്കാർ രൂപീകരണ ശ്രമം ഉപേക്ഷിച്ച് ഇ പി എസ്

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങളിൽ നിന്ന് നേരത്തെ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പിന്മാറിയിരുന്നു. എം എൽ എമാരുമായി നടത്തിയ സുപ്രധാന ചർച്ചകൾക്ക് പിന്നാലെയായിരുന്നു ഇ പി എസിന്‍റെ പിന്മാറ്റം. പുതിയ സർക്കാരുണ്ടാക്കാനും മുഖ്യമന്ത്രിയാകാനുമില്ലെന്ന് ഇ പി എസ് എക്സിലൂടെ വ്യക്തമാക്കി. ഭരണം പിടിക്കാനുള്ള സാധ്യതകൾ വഴിമുട്ടിയതോടെയാണ് ഇ പി എസിന്റെ പിന്മാറ്റമെന്നാണ് വ്യക്തമാകുന്നത്. അധികാരത്തിലേറുന്ന പുതിയ സർക്കാരിന് ആശംസകൾ നേർന്ന് അദ്ദേഹം എക്‌സിൽ കുറിപ്പും പങ്കുവെച്ചു. ഇ പി എസിനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കണമെന്ന് ടി ടി വി ദിനകരൻ ഉൾപ്പെടെയുള്ളവർ ഇന്നലെ ആവശ്യപ്പെട്ടിരുന്നെങ്കിലും, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ സ്വയം പിൻവാങ്ങാനാണ് എ ഐ എ ഡി എം കെ തീരുമാനിച്ചത്.